ന്യൂഡൽഹി: ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ വനിതാ സുഹൃത്തിനെ പൈലറ്റ് കോക്പിറ്റിനുള്ളിൽ പ്രവേശിപ്പിച്ച സംഭവത്തിൽ മുഴുവൻ ജീവനക്കാരേയും ജോലിയിൽ നിന്ന് മാറ്റി നിർത്താൻ ഡിജിസിഎയുടെ നിർദ്ദേശം. അന്വേഷണം പൂർത്തിയാകുന്നത് വരെ എല്ലാ ജീവനക്കാരും ജോലിയിൽ നിന്ന് മാറി നിൽക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
വനിതാ സുഹൃത്തിനെ കോക്പിറ്റിൽ കയറാൻ പൈലറ്റ് അനുവദിച്ചതിനെതിരെ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗം ഡിജിസിഎയ്ക്ക് പരാതി നൽകുകയായിരുന്നു. ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ല. എന്നാൽ ഇത്തരമൊരു ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മറ്റ് ജീവനക്കാരേയും മാറ്റി നിർത്തുന്നത്. പൈലറ്റിന് തന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരം നൽകുമെന്നും ഡിജിസിഎ അറിയിച്ചിട്ടുണ്ട്.
പൈലറ്റ് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിക്കുന്നുണ്ട്. ദുബായിൽ നിന്ന് യാത്ര തിരിച്ചയുടനെ പൈലറ്റ് വിമാനത്തിലെ യാത്രക്കാരിയായിരുന്ന പെൺസുഹൃത്തിനെ കോക്പിറ്റിലേക്ക് വിളിക്കുകയായിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ സമയമാണ് ഈ യുവതി പൈലറ്റിനൊപ്പം കോക്പിറ്റിൽ ഇരുന്നതെന്നാണ് ക്രൂ അംഗം പറയുന്നത്. നിയമപ്രകാരം വിമാനത്തിലെ ജീവനക്കാർക്ക് മാത്രമാണ് കോക്പിറ്റിലേക്ക് പ്രവേശനം ഉള്ളത്. അതും പൈലറ്റിന്റെ അനുമതിയോടെ മാത്രം. പ്രവേശിക്കുന്നതിന് മുൻപ് ബ്രീത് അനലൈസൻ ടെസ്റ്റ് നടത്തണമെന്നും നിർദ്ദേശങ്ങളുണ്ട്.










