ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയത്തിലേക്ക്. അരിക്കൊമ്പനെ മയക്കുവെടി വെച്ചു. വനം വകുപ്പ് സി സി എഫ് ആർ എസ് അരുണിന്റെയും മൂന്നാർ ഡി എഫ് ഒ രമേശ് ബിഷ്നോയിയുടെയും നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്.
സിമന്റ് പാലത്തിൽ വച്ച് ഇന്ന് രാവിലയോടെ അരിക്കൊമ്പനെ കണ്ടെത്തിയിരുന്നു.തുടർന്ന് നിരീക്ഷണത്തിലാക്കി നിരപ്പായ സ്ഥലത്തെത്തുമ്പോൾ മയക്കുവെടി വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചത് പോലെ നിരപ്പായ സ്ഥലത്തെത്തിയപ്പോഴാണ് മയക്കുവെടി വച്ചത്. വെടിയേറ്റതോടെ അരിക്കൊമ്പൻ വനത്തിലേക്ക് ഓടിമാറി. അടുത്ത ഒരു മണിക്കൂർ നിർണായകമാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്ർ പറയുന്നത്. ആനിമൽ ആംബുലൻസ് ആനയുടെ അടുത്തേക്ക് നീങ്ങിത്തുടങ്ങി
വെടി കൊണ്ടിട്ടുണ്ടെങ്കിൽ അര മണിക്കൂറിനുള്ളിൽ ആന മയങ്ങിത്തുടങ്ങും. അല്ലെങ്കിൽ വീണ്ടും മയക്കുവെടി വയ്‌ക്കേണ്ടി വരുമെന്നാണ് വിവരം. മയങ്ങുന്നതോടെ ഇതോടെ ആനയെ,നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി കൊണ്ടുപോകാനാണ് വനംവകുപ്പിന്റെ പദ്ധതി. 2017ൽ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല
Discussion about this post