ലക്‌നൗ: കൊടും കുറ്റവാളി അതീഖ് അഹമ്മദിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ട് കോടതി. 14 ദിവസത്തേക്കാണ് മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വിട്ടത്. കാലാവധി അവസാനിക്കുന്ന അടുത്ത മാസം 12 ന് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
ഒന്നാം ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയാതിന് പിന്നാലെ പ്രതികളായ അരുൺ മൗര്യ, സണ്ണി ഓൾഡ്, ലവ്‌ലേഷ് തിവാരി എന്നിവരെ ശനിയാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയിൽ ഇവരെ വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന് ആയിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. പ്രതികളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കാനുണ്ടെന്നും, അതിനാൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഈ ആവശ്യം അംഗീകരിച്ചായിരുന്നു പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടത്. സിജെഎം കോടതിയിൽ വീഡിയോ കോൺഫറൻസിംഗ് മുഖേനയായിരുന്നു പ്രതികളെ ഹാജരാക്കിയത്.
അതേസമയം അതീഖ് അഹമ്മദിന്റെ ഭാര്യ സഹോദരനെക്കുറിച്ച് വിവരം നൽകുന്നവർക്കായി പ്രഖ്യാപിച്ച പാരിതോഷികം പോലീസ് ഇരട്ടിയാക്കിയിട്ടുണ്ട്. അതീഖ് അഹമ്മദിന്റെ ഭാര്യാ സഹോദരൻ സദ്ദാമിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് നേരത്തെ 50,000 രൂപയായിരുന്നു പാരിതോഷികമായി പോലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിപ്പോൾ ഒരു ലക്ഷമായാണ് ഉയർത്തിയത്.








