ന്യൂഡൽഹി: മനുഷ്യനും പ്രകൃതിയിലെ ജീവജാലങ്ങളും ഒത്ത് ചേർന്ന് ജീവിക്കേണ്ട ആവശ്യകത നാൾക്കു നാൾ വർദ്ധിച്ചുവരികയാണ്. കാരണം നാളത്തെ നമ്മുടെ നിലനിൽപ്പിനായി നമുക്കൊപ്പം പ്രകൃതിയും മറ്റ് ജീവജാലങ്ങളും കൂടിയേ തീരു. അതുകൊണ്ടുതന്നെ അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഈ വസ്തുതയെ ഓർമ്മിപ്പിക്കുന്നതാണ് ഇന്ത്യൻ ഫേറസ്റ്റ് സർവ്വീസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാൻ പങ്കുവച്ച മനോഹര ചിത്രം.
അവശനായി കിടക്കുന്ന ഒരു മാനിന് ഒരു യുവാവ് വൈദ്യ സഹായം നൽകി ജീവൻ രക്ഷിക്കുന്നതിന്റെ ചിത്രമാണ് പർവീൺ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
അവശനായി കിടക്കുന്ന മാനിന് ഓക്‌സിജൻ നൽകിയാണ് അദ്ദേഹം വീണ്ടും അതിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഓക്‌സിജൻ മാസ്‌ക് ധരിച്ച് കിടക്കുന്ന മാനിനെയും ഓക്‌സിജൻ സിലിണ്ടർ കയ്യിൽ പിടിച്ച് നിൽക്കുന്ന യുവാവിനെയും ചിത്രത്തിൽ കാണാം. എങ്ങനെയാണ് അവശനിലയിൽ കിടക്കുന്ന മാനിനെ അദ്ദേഹം കണ്ടെത്തിയത് എന്ന കാര്യം വ്യക്തമല്ല. നിങ്ങൾക്ക് എന്തുമാകാൻ കഴിയുന്ന ലോകത്ത് എല്ലാവരോടും കരുണ കാണിക്കുക എന്ന കുറിപ്പോടെയാണ് പർവീൺ കസ്വാൻ ചിത്രം പങ്കുവച്ചിരിക്കുന്നത്.
അതേസമയം പർവീൺ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ തന്നെ ആളുകളുടെ മനംനിറച്ചു. നിരവധി പേരാണ് ഈ ചിത്രം റി ട്വീറ്റ് ചെയ്തത്. മാനിന്റെ ജീവൻ രക്ഷിച്ച യുവാവിന് അഭിനന്ദന പ്രവാഹവും ഉയരുന്നുണ്ട്. ചിത്രത്തിലെ ആളെ കണ്ടെത്താനുള്ള ശ്രമങ്ങളും സോഷ്യൽ മീഡിയ നടത്തുന്നുണ്ട്.
Discussion about this post