മുംബൈ: എല്ലാ അപകടങ്ങളിൽ നിന്നും തന്നെ ദൈവം രക്ഷിക്കുമെന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ. തുടർച്ചയായി ഉണ്ടാകുന്ന വധ ഭീഷണികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും തനിക്ക് ഭയമുണ്ടെന്നും സൽമാൻ ഖാൻ പറഞ്ഞു.
എല്ലാവിടങ്ങളിലേക്കും അതീവ സുരക്ഷയിലാണ് താൻ പോകാറുള്ളത്. സംഭവിക്കാനുള്ള സംഭവിക്കുമെന്ന് തനിക്ക് അറിയാം. അതുകൊണ്ട് എത്ര സുരക്ഷയുണ്ടെന്ന് പറഞ്ഞാലും കാര്യമില്ല. എല്ലാ അപകടങ്ങളിൽ നിന്നും ദൈവം തന്നെ രക്ഷിക്കുമെന്നാണ് കരുതുന്നത്. അതിനർത്ഥം താൻ സ്വതന്ത്രനായി വിഹരിക്കും എന്നല്ല. തനിക്ക് ചുറ്റും വലിയ അപകടങ്ങളാണ് പതിയിരിക്കുന്നത് എന്ന് അറിയാം. അതിൽ ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച ഒരു അഭിമുഖ പരിപാടിയിൽ ആയിരുന്നു സൽമാൻ ഖാന്റെ പ്രതികരണം. കഴിഞ്ഞ ഏതാനും നാളുകളായി അദ്ദേഹത്തിന് നിരവധി ഭീഷണി സന്ദേശമാണ് ലഭിക്കുന്നത്. ഏപ്രിൽ 30 നുള്ളിൽ വധിക്കുമെന്ന് പറഞ്ഞായിരുന്നു അവസാനത്തെ ഭീഷണി സന്ദേശം ലഭിച്ചത്. ഇതിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടുകയും ചെയ്തിരുന്നു. ഇതിന് മുൻപ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മറ്റൊരാളെ അറസ്റ്റ് ചെയ്തിരുന്നു.
നിരന്തരം ഭീഷണി ഉയരുന്ന സാഹചര്യത്തിൽ വൈ പ്ലസ് സുരക്ഷയാണ് സൽമാൻ ഖാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ മുംബൈ പോലീസിന്റെ പ്രത്യേക സുരക്ഷയുമുണ്ട്.
Discussion about this post