കോട്ടയം: ഇനി ഒരു പെൺകുട്ടിക്കും തന്റെ സഹോദരിയുടെ സ്ഥിതി ഉണ്ടാകരുതെന്ന് സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആതിരയുടെ സഹോദരീ ഭർത്താവ് ആശിഷ് ദാസ് ഐഎഎസ്. പോലീസിൽ പരാതി നൽകിയ ശേഷവും അരുൺ സഹോദരിയെ ശല്യം ചെയ്തു. പരാതി നൽകി പാലീസ് ഇടപെട്ട കേസിൽ ഇതാണ് സ്ഥിതിയെങ്കിൽ നാട്ടിലെ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നും ആശിഷ് ചോദിച്ചു. അരുൺ സഹോദരിയെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിൽ പോയതിന് ശേഷമാണ് പ്രതി സഹോദരിക്കെതിരെ പോസ്റ്റുകൾ ഇട്ട് തുടങ്ങിയത്. പരാതി കൊടുത്തതിന്റെ പേരിലും അരുൺ സഹോദരിയെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.
എല്ലാവരേയും വെല്ലുവിളിച്ച് കൊണ്ടാണ് അവൻ പോസ്റ്റുകൾ ഇട്ടിരുന്നത്. അവനെ കാണാതായാൽ ഞാൻ ഉത്തരവാദിയായിരിക്കുമെന്ന് പറഞ്ഞ് എന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു. ഇനി ഒരു കുടുംബത്തിനും ഈ ഒരു അവസ്ഥ വരരുത്. കല്ല്യാണ പന്തൽ ഉയരേണ്ട വീടാണിത്. അവിടെ ഇപ്പോൾ മരണപന്തലാണ് ഉയർന്നതെന്നും” ആശിഷ് പറഞ്ഞു.
ആതിരയും അരുണും അടുപ്പത്തിലായിരുന്നു. എന്നാൽ അരുണിന്റെ സ്വഭാവ വൈകൃതം കാരണം ആ ബന്ധം നിന്നു. രണ്ട് വർഷം മുൻപ് ഇരുവരും പിരിഞ്ഞതാണ്. അതിന് ശേഷം ഇരുവരും തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നില്ല. ഈയടുത്ത് ആതിരയ്ക്ക് വിവാഹാലോചന വന്നതോടെയാണ് അരുൺ വീണ്ടും ഭീഷണിപ്പെടുത്തി തുടങ്ങിയതും സൈബർ ആക്രമണം നടത്തിയതും. പോലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ലെന്നും ആശിഷ് പറഞ്ഞു. ഫയർമാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ ശ്രദ്ധ നേടിയ ആളാണ് ആശിഷ്.
കേസിൽ പ്രതിയായ അരുണിന് വേണ്ടിയുള്ള തിരച്ചിൽ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇയാൾ നിലവിൽ തമിഴ്‌നാട്ടിലുണ്ടെന്നാണ് വിവരം. രണ്ട് അന്വേഷണ സംഘങ്ങൾ പ്രതിക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post