ന്യൂഡൽഹി : കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. അബുദാബി ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.
ഈ മാസം എട്ടാം തീയതി മുതൽ പത്താം തീയതി വരെ അബുദാബി ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്രത്തോട് അനുമതി തേടിയിരുന്നു. യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. മന്ത്രി പിഎ മുഹമ്മദ് റിയാസ്, വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കേരള മുഖ്യമന്ത്രിയുടെ ആവശ്യം വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യമന്താലയം കേരളത്തെ അറിയിച്ചത്. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇതുവരെ ഇടപെടാൻ തയ്യാറായിട്ടില്ല.









