തിരുവനന്തപുരം : ഹണിട്രാപ്പിലൂടെ പണം തട്ടി പോലീസിനെ വട്ടംകറക്കി വാർത്തകളിൽ നിറഞ്ഞുനിന്ന അശ്വതി അച്ചു എന്ന യുവതി പിടിയിലായിരിക്കുകയാണ്. തിരുവനന്തപുരം പൂവാറിൽ അറുപത്തിയെട്ടുകാരനെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കൊല്ലം അഞ്ചൽ സ്വദേശിനിയായ അശ്വതി അച്ചുവിനെ പൂവാർ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടര വർഷത്തോളമാണ് ഇവർ പോലീസിനെ വട്ടംകറക്കിയത്. ഒട്ടേറെ പോലീസുകാരും രാഷ്ട്രീയക്കാരുമായി അശ്വതി അച്ചുവിന് ബന്ധമുണ്ടായിരുന്നു. ഇവരെയെല്ലാം ഹണി ട്രാപ്പിൽ കുടുക്കിയ ശേഷം പണം തട്ടിയെടുത്ത് കടന്നുകളഞ്ഞു. എന്നാൽ ഇത്തവണ ഹണി ട്രാപ്പിന് പകരം വിവാഹ വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
ഭാര്യ മരിച്ച ശേഷം ഭിന്നശേഷിയുളള മകനെ ഒറ്റയ്ക്ക് നോക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട 68 കാരൻ രണ്ടാം വിവാഹത്തിനായി ബ്രോക്കർമാരെ സമീപിക്കുകയായിരുന്നു. അങ്ങനെയാണ് അശ്വതി അച്ചുവിനെ ബന്ധപ്പെടുന്നത്. വിവാഹത്തിന് തയ്യാറാണെന്ന് പറഞ്ഞ അശ്വതി കടങ്ങൾ തീർക്കാൻ 40,000 രൂപ ആവശ്യപ്പെട്ടു. പണം കൈയ്യിൽ കിട്ടിയതോടെ ഇവർ പ്രതികരിക്കാതെയായി. മാസങ്ങൾ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാതായതോടെ 68 കാരൻ നേരിട്ടെത്തി. എന്നാൽ യുവതി ഇയാളെ ചീത്തവിളിക്കുകയായിരുന്നു.
ഇതോടെയാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. നേരത്തെ ഒട്ടേറെ പോലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയെന്ന അഭ്യൂഹത്തെ തുടർന്ന് അശ്വതിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് പൂവാറിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തത്.
Discussion about this post