മുംബൈ : പ്രണയബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കാനുള്ളതല്ല പോക്‌സോ നിയമം എന്ന് ബോംബെ ഹൈക്കോടതി. ലൈംഗികാതിക്രമം തടയാനുളള വകുപ്പാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. പോക്‌സോ കേസിൽ 23കാരന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
പോക്‌സോ കേസ് ദുരുപയോഗം ചെയ്യരുത്. പ്രണയ ബന്ധത്തിലുള്ള പ്രായപൂർത്തിയാകാത്തവരെ കുറ്റവാളിയായി മുദ്രകുത്താനുള്ളതല്ല ഈ നിയമം, മറിച്ച് ലൈംഗികാതിക്രമം തടയാനുള്ള വകുപ്പാണെന്ന് കോടതി പറഞ്ഞു.
കേസിലെ ഇര പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെങ്കിലും ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധമായത് കൊണ്ടാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അനൂജ പ്രഭുദേശായിയുടെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ഇമ്രാൻ ഷെയ്ഖിനെതിരെ പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. എന്നാൽ തന്നെ തട്ടിക്കൊണ്ട് പോയതല്ലെന്നും 2020 ഡിസംബറിൽ മാതാപിതാക്കളെയും വീടും വിട്ട് താൻ കാമുകനൊപ്പം പോയതാണെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോലീസിനോട് പറഞ്ഞു.









