ഇംഫാൽ: മണിപ്പൂരിൽ ഗോത്രവർഗ്ഗ പ്രക്ഷോഭത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തേയും അസം റൈഫിൾസിനേയും വിന്യസിച്ചു. മെയ്തി സമുദായത്തെ എസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയുള്ള പ്രതിഷേധപ്രകടനങ്ങൾക്ക് പിന്നാലെയാണ് പ്രക്ഷോഭങ്ങളുണ്ടായത്. അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
അക്രമ ബാധിത സ്ഥലങ്ങളിൽ നിന്ന് ഇതുവരെ നാലായിരത്തോളം പേരെയാണ് സൈന്യം രക്ഷപെടുത്തിയത്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന പോലീസിന് പുറമെയാണ് സൈന്യത്തേയും അസം റൈഫിൾസിനേയും വിവിധ മേഖലകളിലായി വിന്യസിച്ചിരിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഫ്‌ളാഗ് മാർച്ചുകൾ നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മെയ്തി സമുദായത്തിന്റെ ആവശ്യത്തിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ ആഹ്വാനം ചെയ്ത മാർച്ചിന് പിന്നാലെയാണ് അക്രമമുണ്ടായത്. തീരുമാനത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘർഷം. ഇംഫാൽ വെസ്റ്റ്, കാക്കിംഗ്, തൗബൽ, ജിരിബാം, ബിഷ്ണുപൂർ ജില്ലകളിലും ചുരാചന്ദ്പൂർ, തെങ്നൗപാൽ തുടങ്ങിയ ഇടങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.










