തൃശ്ശൂർ: അന്തരിച്ച ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ ഭാര്യ റിഷാന ഐഷു ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റഗുളിക കഴിച്ച് അവശനിലയിലായ റിഷാനയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മെഡിക്കൽ കോളേജ് അധികൃതർ പുറത്ത് വിട്ടിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു റിഷാനയും പ്രവീൺ നാഥും തമ്മിലുള്ള വിവാഹം.
പ്രവീൺ നാഥിന്റെ ആത്മഹത്യയിൽ പരാതിയുമായി ട്രാൻസ്‌ജെൻഡർ കൂട്ടായ്മ രംഗത്തെത്തി. ചില ഓൺലൈൻ മാദ്ധ്യമങ്ങൾക്കും വ്യക്തികൾക്കും എതിരെയാണ് പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഇവർ പരാതി നൽകിയത്. ഇവർ തമ്മിൽ വേർപിരിയുന്നു എന്ന രീതിയിൽ ചില ഓൺലൈൻ മാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. പിന്നാലെ പ്രവീണിനെതിരെ ശക്തമായ സൈബർ ആക്രമണവും ഉണ്ടായി.
ഇത് പ്രവീണിനെ മാനസികമായി തളർത്തിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. നുണപ്രചാരണത്തിനെതിരെ പ്രവീൺ സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് ഇടുകയും ചെയ്തിരുന്നു. കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായ പ്രവീൺ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തൃശ്ശൂരിലെ വീട്ടിൽ എലിവിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയ പ്രവീൺ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Discussion about this post