കൊച്ചി: കൊച്ചി ലുലു പിവിആർ സിനിമാസിൽ ”ദ കേരള സ്റ്റോറി”ക്ക് അപ്രഖ്യാപിത വിലക്ക്. ബുക്ക്‌മൈഷോയിൽ ഉൾപ്പെടെ ബുക്ക് ചെയ്ത ടിക്കറ്റുകൾ പിൻവലിക്കാനും കേരളത്തിലെ മൾട്ടിപ്ലക്‌സുകളിൽ ചിത്രം പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഡിസ്ട്രിബ്യൂട്ടർമാരോട് കേരള സർക്കാർ നിർദ്ദേശിച്ചുവെന്നാണ് പിവിആർ പ്രതിനിധിയുടെ വിശദീകരണം. മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് റീഫണ്ട് നൽകാമെന്ന് പിവിആർ പ്രതിനിധി അറിയിച്ചെങ്കിലും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്.
പിവിആർ പ്രതിനിധിയുമായി പ്രേക്ഷകൻ സംസാരിക്കുന്നതിന്റെ ഓഡിയോ ഉൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പിവിആറിൽ ഷോയ്ക്ക് നിയന്ത്രണമില്ലെന്നും, കേരളത്തിൽ മാത്രമാണ് ഷോ നടത്താൻ അനുവാദം ലഭിക്കാത്തതെന്നും പ്രതിനിധി പറയുന്നുണ്ട്. എല്ലാ മൾട്ടിപ്ലക്‌സുകളിലേക്കും ഈ സിനിമ പ്രദർശിപ്പിക്കരുതെന്ന് കേരള സർക്കാരിന്റെ നിർദ്ദേശമുണ്ടെന്നും ഇയാൾ പറയുന്നു.
അതേസമയം കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജികൾ പുനഃപരിശോധിക്കേണ്ടതില്ലെന്നും ഹർജികൾ തള്ളണമെന്നും സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. സെൻസർ ബോർഡ് നിയമത്തിനെതിരായ ഭാഗങ്ങൾ സിനിമയിൽനിന്ന് നീക്കിയതിന് ശേഷമാണ് പ്രദർശനാനുമതി നൽകിയതെന്നും സെൻസർ ബോർഡ് മുംബൈ റീജിയണൽ ഓഫീസർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
Discussion about this post