ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ആദ്യ ശ്രമത്തിൽ തന്നെ 88.67 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് സ്വർണം നേടിയത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് നീരജ് കാഴ്ചവച്ചത്. ആദ്യ ശ്രമത്തിൽ 88.67 ദൂരം താണ്ടിയ നീരജ് ബാക്കിയുള്ള അവസരങ്ങളിൽ 85 മീറ്ററിനപ്പുറത്തേക്ക് ജാവലിൻ എറിഞ്ഞെങ്കിലും 90 മീറ്ററെന്ന കടമ്പ ഇക്കുറിയും കടക്കാനായില്ല.
ജാവലിനിൽ നിലവിലെ ലോക ചാമ്പ്യനായ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്, ഒളിമ്പിക് വെള്ളി മെഡൽ നേടിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാകുബ് വാദ്ലെച്ച് എന്നിവരെ മറികടന്നാണ് നീരജിന്റെ സ്വർണ്ണനേട്ടം. 88.63 മീറ്ററും 88.47 മീറ്ററും മറികടന്ന യാകുബ് വാദ്‌ലെജ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ നീരജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വർണം നേടിയ ആ്രൻഡേഴ്‌സൻ പീറ്റേഴ്‌സ് ഇക്കുറി മൂന്നാം സ്ഥാനത്തായി. 85.88 മീറ്റർ ദൂരമാണ് ആൻഡേഴ്‌സൺ എറിഞ്ഞത്.
നീരജ് തന്റെ ജാവലിൻ കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണ് ഇക്കുറി താണ്ടിയത്. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ലോക ചാംപ്യൻഷിപ്പ്, സെപ്റ്റംബറിൽ ഏഷ്യൻ ഗെയിംസ് എന്നിവയാണ് നീരജിന്റെ ഈ സീസണിലുള്ള പ്രധാന മത്സരങ്ങൾ. കഴിഞ്ഞ സെപ്റ്റംബറിൽ സ്വിറ്റ്സർലൻഡിൽ നടന്ന 2022 ഡയമണ്ട് ലീഗ് ഫൈനൽ ട്രോഫി സ്വന്തമാക്കിയതും നീരജായിരുന്നു. ഈ ആത്മവിശ്വാസത്തോടെയാണ് നീരജ് ഇക്കുറി മത്സരത്തിനിറങ്ങിയത്. 90 മീറ്റർ ദൂരം പിന്നിട്ട നാല് പേർ മത്സരത്തിൽ നീരജിന് വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ദേശീയറെക്കോഡായ 89.94 മീറ്ററാണ് അദ്ദേഹത്തിന്റെ മികച്ച ത്രോ.








