ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് സൗദിയിലെ ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ ഇന്ത്യാക്കാർ ആരും നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 3862 ഇന്ത്യാക്കാരെയാണ് ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. പത്ത് ദിവസം കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്.
17 വിമാനങ്ങളിലും 5 കപ്പലുകളിലുമായാണ് 3862 പേരെ ഇതുവരെ ഒഴിപ്പിച്ചത്. ജിദ്ദ വഴിയാണ് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരെയും നാട്ടിലെത്തിച്ചത്. സുഡാനിൽ നിന്നെത്തുന്ന ഇന്ത്യക്കാർക്ക് വിശ്രമിക്കാനായി ജിദ്ദയിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളും അവസാനിപ്പിക്കുന്നതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
സുഡാനിൽ നിന്ന് ഇന്ത്യക്കാർക്ക് ഒഴിപ്പിക്കാനും അവരെ സ്വീകരിക്കാനും സഹായിച്ചതിന് സൗദി അറേബ്യയോട് നന്ദി അറിയിക്കുന്നുവെന്നും ജയശങ്കർ നന്ദി വ്യക്തമാക്കി.രക്ഷാദൗത്യത്തിന് സഹായം നൽകിയ ചാഡ്, ഈജിപ്ത്, ഫ്രാൻസ്, ദക്ഷിണ സുഡാൻ, യുഎഇ, യുകെ, യുഎസ്, ഐക്യരാഷ്ട്രസഭ എന്നിവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ജിദ്ദയിൽ സൗകര്യങ്ങൾ ഒരുക്കിയ ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റിനും, സ്റ്റാഫിനും, സന്നദ്ധ പ്രവർത്തകർക്കും, ഡോക്ടർമാർക്കുമെല്ലാം ഇന്ത്യൻ എംബസി നന്ദി അറിയിച്ചിട്ടുണ്ട്.
Discussion about this post