ഇംഫാൽ: മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി റിപ്പോർട്ട്. കൂടുതൽ മേഖലകളിൽ സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങളിൽ അയവ് വന്നത്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇപ്പോഴും വെടിവയ്പ്പും തീവയ്പ്പും തുടരുന്നുണ്ട്. എന്നാൽ ഇംഫാൽ താഴ്‌വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്നലെ പ്രശ്‌നങ്ങൾ ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ. മണിക്കൂറുകൾക്ക് ശേഷം ഇംഫാൽ താഴ്‌വര ശാന്തമായി എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സംഘർഷം രൂക്ഷമായതിന് പിന്നാലെ 13,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും പ്രതിരോധ വക്താവ് അറിയിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ ശാന്തമാക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കൂടുതൽ സേനയെ വിമാനമാർഗ്ഗം ഇന്നലെ എത്തിച്ചിരുന്നു. മണിപ്പൂരിന്റെ പല ഭാഗങ്ങളും സേനയുടെ നിയന്ത്രണത്തിലായിട്ടുണ്ട്. ചുരാചന്ദ്പൂർ, മോറെ, കാക്ചിംഗ്, കാങ്പോക്പി ജില്ലകളിലാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ പ്രക്ഷോഭകാരികളും സുരക്ഷാ സേനയും തമ്മിലുള്ള ഇടയ്ക്കിടെയുള്ളവെടിവയ്പുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അതേസമയം സംഘർഷത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച്ച ഉണ്ടായെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംഘർഷസാധ്യത മുൻകൂട്ടി കാണാനോ വേഗത്തിൽ ഇടപെടാനോ സർക്കാരിന് കഴിഞ്ഞില്ല. ഇടഞ്ഞു നിൽക്കുന്ന വിഭാഗങ്ങളെ സമാധാന ചർച്ചയ്ക്ക് വിളിക്കാനും തയ്യാറാകാത്തത് പ്രശ്‌നങ്ങൾ വഷളാകാൻ കാരണമായെന്നാണ് വിലയിരുത്തൽ. നിലവിൽ മണിപ്പൂരിലെ സാഹചര്യം ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് വിലയിരുത്തുന്നുണ്ട്. സംസ്ഥാന ഡിജിപിയെ ചുമതലയിൽ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.
Discussion about this post