ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഐഇഡിയുടെ വൻ ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുൽവാമയിലായിരുന്നു സംഭവം. ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുൽവാമയിൽ എത്തിയതായിരുന്നു സുരക്ഷാ സേന. ഇവിടെ തിരച്ചിൽ നടത്തുന്നതിനിടെ ഭീകരാക്രമണത്തിനായി സ്ഥാപിച്ച അഞ്ച് കിലോ ഐഇഡി ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ തന്നെ ഇത് നിർവ്വീര്യമാക്കി. ഇതിന് പിന്നാലെ സ്ഥലത്ത് സുരക്ഷാ സേന പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നാണ് ഭീകരനെ പിടികൂടിയത്.
ബുദ്ഗാം സ്വദേശിയായ ഇഷ്ഫാഖ് അഹമ്മദ് വാനിയാണ് അറസ്റ്റിലായതെന്ന് സുരക്ഷാ സേന അറിയിച്ചു. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇഷ്ഫാഖിനെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഇതിന്റെ ആഘാതം മാറുന്നതിന് മുൻപാണ് സൈനികരെയും ജമ്മു കശ്മീർ ജനതയെയും ലക്ഷ്യമിട്ട് മറ്റൊരു ആക്രമണത്തിന് ഭീകരർ കോപ്പ് കൂട്ടിയത്.
Discussion about this post