തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിനെ പ്രസവിച്ച അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ പോലീസ് എത്തി പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 21 നാണ് തൈക്കാട് ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ചയുടനെ വിൽപ്പന നടത്തിയ വിവരം പുറത്ത് വന്നത്. കരമന സ്വദേശിയായ സ്ത്രീയ്ക്ക് മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. ഇവരുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് സംഭവത്തിൽ നിർണായകമായത്. കുഞ്ഞില്ലാത്ത വീട്ടിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയൽവാസികൾ വിവരം സ്പെഷ്യൽ ബ്രാഞ്ചിനെ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വിൽപ്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. അന്വേഷണത്തിന് പിന്നാലെ കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു. രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് അമ്മയായ പ്രതിയെ പിടികൂടിയത്.
Discussion about this post