അഹമ്മദാബാദ് : ഗുജറാത്തിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. വൽസാഡ് ജില്ലയിലെ വാപിയിലാണ് സംഭവം. ബിജെപിയുടെ വാപി താലൂക്ക് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു ഷൈലേഷ് പട്ടേൽ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് പ്രാദേശിക നേതാവിന് നേരെ വെടിയുതിർത്തത്.
രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. ഭാര്യയോടൊപ്പം ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു അദ്ദേഹം. തുടർന്ന് ഭാര്യ തിരിച്ചെത്താൻ ക്ഷേത്രത്തിന് പുറത്ത് എസ് യു വിയിൽ കാത്തുനിൽക്കുകയായിരുന്ന ഷൈലേഷിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തു. രണ്ട് ബൈക്കുകളിലായി നാല് അക്രമികളാണ് സംഭവസ്ഥലത്ത് എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാല് റൗണ്ട് വെടിയുതിർത്ത ശേഷം ഇവർ ഇവിടെ നിന്നും രക്ഷപ്പെട്ടു.
ഉച്ചത്തിലുള്ള ശബ്ദം കേട്ട് പട്ടേലിന്റെ ഭാര്യ ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭർത്താവിനെയാണ്. പട്ടേലിനെ വാപിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
Discussion about this post