ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് വെച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്ന് പാകിസ്താൻ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അൽ ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം. ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റെന്ന കേസിൽ കോടതി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഇമ്രാൻ ഖാനെ റേഞ്ചർമാർ കോടതിക്കുള്ളിൽ നിന്ന് തട്ടിക്കൊണ്ട് പോയി എന്നാണ് പിടിഐ നേതാക്കൾ ആരോപിക്കുന്നത്. ഇവർ ഇമ്രാൻ സാഹിബിനെ പീഡിപ്പിക്കുകയാണെന്നും വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നുവെന്നും ചിലർ ആരോപിക്കുന്നുണ്ട്. ഇമ്രാൻ ഖാന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പാർട്ടി പ്രവർത്തകർ.
താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഇമ്രാൻ ഖാൻ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ‘എനിക്കെതിരെ ഒരു കേസും ഇല്ല. പക്ഷേ അവർ എന്നെ ജയിലിൽ അടയ്ക്കാൻ ആഗ്രഹിക്കുന്നു. ഞാൻ അതിന് തയ്യാറാണ്,’ അറസ്റ്റിന് മുമ്പ് ഇമ്രാൻ ഖാൻ പറഞ്ഞതാണിത്. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
Discussion about this post