രാഹുല്‍ പശുപാലനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ചുംബനസമരത്തെ പിന്തുണച്ച നേതാക്കള്‍ വിശദീകരണം നല്‍കണമെന്ന മുറവിളിയ്ക്ക് ഒടുവില്‍ എംബി രാജേഷിന്റെ മറുപടി.
‘ഫേസ്ബുക്കിലെ സദാചാരക്കാരുടെ തെറിപ്പാട്ടിനു ഞാന്‍ പുല്ലു വിലപോലും കല്‍പ്പിക്കുന്നില്ലെന്നും ഉള്ളിലുള്ള സംസ്കാരമാണല്ലോ ഭാഷയിലും വാക്കിലും കാണുക. ഭാഷയും വാക്കും പ്രസരിപ്പിക്കുന്ന ദുര്‍ഗന്ധം മൂലം ഫേസ് ബുക്ക് തുറന്നാല്‍ മൂക്ക് പൊത്തണമെന്ന സ്ഥിതിയാണെങ്കില്‍ ഇവരുടെ പ്രവൃത്തിയും പെരുമാറ്റവും എത്രത്തോളം അസഹനീയമായിരിക്കും എന്നിങ്ങനെയാണ് രാജേഷിന്റെ ഫേസ്ബുക്ക് വിശദീകരണം.
തെറ്റ് ചെയ്ത ഒരാളെയും ന്യായീകരിക്കുന്നില്ലെന്നും, കുറ്റം ചെയ്തവര്‍ നിയമനടപടികള്‍ നേരിടട്ടേയെന്നും രാജേഷ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
രാഹുൽ പശുപാലനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്തതോടെ സംഘികളും അവരുടെ ഇസ്ലാമിക വർഗ്ഗീയ സഹോദരങ്ങളും യോജിച്ച് പതിവുപോലെ സദാചാര സംരക്ഷണാർത്ഥമുള്ള തെറിപ്പാട്ടുമായി സാമൂഹിക മാധ്യമങ്ങളിൽ അഴിഞ്ഞാടുന്നുണ്ട്. സദാചാര പൊലീസിനെ എതിർത്ത ഞാനടക്കമുള്ളവർ സമാധാനം പറയണമെന്നാണത്രെ ആക്രോശം. ടെലിവിഷനിൽ കെ. സുരേന്ദ്രനും മലയാളിഹൗസ് വിദ്വാനും ഇതേ ആക്രോശമുയർത്തിയതായും കേട്ടു. ഫേസ് ബുക്കിലെ സദാചാരക്കാരുടെ തെറിപ്പാട്ടിനു ഞാൻ പുല്ലു വിലപോലും കൽപ്പിക്കുന്നില്ല. ഉള്ളിലുള്ള സംസ്കാരമാണല്ലോ ഭാഷയിലും വാക്കിലും കാണുക. ഭാഷയും വാക്കും പ്രസരിപ്പിക്കുന്ന ദുർഗന്ധം മൂലം ഫേസ് ബുക്ക് തുറന്നാൽ മൂക്ക് പൊത്തണമെന്ന സ്ഥിതിയാണെങ്കിൽ ഇവരുടെ പ്രവൃത്തിയും പെരുമാറ്റവും എത്രത്തോളം അസഹനീയമായിരിക്കും! അതുകൊണ്ട് അത് അവജ്ഞ മാത്രമേ അർഹിക്കുന്നുള്ളൂ.
സദാചാര പൊലീസിങ്ങിനെ ഞാൻ ശക്തമായി എതിർത്തിട്ടുണ്ട്. സദാചാര പൊലീസിങ്ങിനെതിരായി ഉയർന്നുവന്ന പലരൂപത്തിലുള്ള പ്രതിഷേധങ്ങളോട് പൊതുവിൽ അനുഭാവവും പ്രകടിപ്പിച്ചിട്ടുണ്ട്. ആ അനുഭാവം ആ പ്രതിഷേധത്തിന്റെ ഭാഗമായ ആരെങ്കിലും ചെയുന്ന തെറ്റുകൾക്കുള്ള പിന്തുണയാവുന്നില്ല. തെറ്റ് ചെയ്ത ഒരാളെയും ന്യായീകരിക്കുന്നുമില്ല. സദാചാര പൊലീസിങ്ങിനെതിരായിട്ടുള്ള പലതരത്തിൽ ഉയർന്നുവന്ന പ്രതിരോധങ്ങളെയാകെ വിലയിരുത്തേണ്ടത് അതിന്റെ ഭാഗമായ ഏതെങ്കിലും ചിലരുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലല്ല. കുറ്റം ചെയ്തവർ നിയമനടപടികൾ നേരിടട്ടെ; കോടതി വിധിക്കുന്ന ശിക്ഷ അനുഭവിക്കട്ടെ.
ഞാനടക്കമുള്ളവർ സമാധാനം പറയണമെന്ന സംഘി ന്യായം അനുസരിച്ചാണെങ്കിൽ ഇതിനേക്കാൾ എത്രയോ ഗുരുതരമായ കാര്യത്തിനു മോദി ഉൾപ്പെടെയുള്ള സംഘപരിവാർ ആകെ സമാധാനം പറയേണ്ടതാണു. അസാറാം എന്ന ആത്മീയവേഷധാരിയായ സാമൂഹ്യവിരുദ്ധനെ സംഘികൾക്കറിയില്ലേ? അവർക്കറിയണമെങ്കിൽ അസാറാം ബാപ്പു എന്ന് പറയേണ്ടി വരും. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനു അഴിക്കുള്ളിൽ കിടക്കുന്ന അസാറാമിനെ ബാപ്പു എന്നു വിളിച്ച് ആദരിച്ചവരാണിക്കൂട്ടർ. (ഗാന്ധിജിയെ ഇവർ ബാപ്പു എന്ന് വിളിക്കില്ല;പക്ഷെ അസാറാമിനെ അങ്ങനെയേ വിളിക്കൂ. ) ആശ്രമം എന്ന് പേരിട്ടിരിക്കുന്ന ഇയാളുടെ അസാന്മാർഗ്ഗിക താവളത്തിൽ അനുഗ്രഹാശ്ശിസ്സുകൾ തേടി ചെല്ലാത്ത എത്ര സംഘി പ്രമുഖരുണ്ട്? അസാറാം എന്ന ആഭാസന്റെ കരം ഗ്രഹിച്ച് അനുഗ്രഹം തേടുന്ന മോഡിയുടെ ചിത്രം ഇത്രവേഗം മറന്നോ? ഓർമ്മ പുതുക്കാൻ വേണമെങ്കിൽ അതിവിടെ പോസ്റ്റ് ചെയ്‌യാം. പറഞ്ഞാൽ മതി.
സദാചാര പൊലീസിങ്ങിനെതിരായിട്ടുള്ള നിലപാടിന്റെ പേരിൽ തെറിപറഞ്ഞും ആക്രോശിച്ചും ഭയപ്പെടുത്താനൊന്നും നോക്കണ്ട.സംഘികളുടെ കൊലവിളി ഭയന്നിട്ടില്ല. പിന്നെയല്ലേ തെറിവിളി.
തന്റെ പിന്തുണ വ്യക്തികള്‍ക്കായിരുന്നില്ല എന്നും സമരം മുന്നോട്ട് വച്ച ആശയത്തിനായിരുന്നുവെന്നും നേരത്തെ വി.ടി ബല്‍റാം എംഎല്‍എ പ്രതികരിച്ചിരുന്നു.
Discussion about this post