കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ആക്രമിക്കപ്പെട്ട ഡോക്ടർക്ക് മുതുകിലേറ്റത് ആറ് കുത്തുകൾ. കഴുത്തിലും നെഞ്ചിലും കുത്തേറ്റിരുന്നു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് കയറി. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യപരിശോധനയ്ക്ക് എത്തിച്ച കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്.
ഇന്ന് രാവിലെ നാല് മണിയോടെയാണ് സംഭവം. ഡോക്ടർ വന്ദന ദാസ്, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി എന്നിവരുൾപ്പെടെ അഞ്ച് പേർക്കാണ് കുത്തേറ്റത്. നെടുമ്പന യുപി സ്കൂളിലെ അദ്ധ്യാപകനായ പ്രതി മയക്കുമരുന്നിന് അടിമയാണ്. ഡീ അഡിക്ഷൻ സെന്ററിൽനിന്ന് തിരിച്ചെത്തിയ ആളാണിത്.
വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ സന്ദീപിന് കാലിൽ മുറിവേറ്റിരുന്നു. തർക്കം രൂക്ഷമായതോടെ വീട്ടുകാർ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ആക്രമിക്കുകയായിരുന്നു.
കൂടെ വന്ന ബന്ധുവിനെ തള്ളിയിടുകയും മറ്റൊരു ബന്ധുവിനെ കുത്തുകയും ചെയ്തു. ഇത് കണ്ട് ഭയന്ന ആശുപത്രി ജീവനക്കാർ വനിതാ ജീവനക്കാരെ ഒരു മുറിയിൽ പൂട്ടിയിട്ടു. എന്നാൽ ഹൗസ് സർജൻ വന്ദന പുറത്തായിപ്പോയി. പോലീസുകാരെ ആക്രമിച്ച ശേഷമാണ് ഇയാൾ ഡോക്ടറെ ആക്രമിച്ചത്. ഡോക്ടറെ താഴേക്ക് തള്ളിയിട്ട സന്ദീപ് തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇത് കണ്ടെത്തിയ മറ്റൊരു സർജൻ പ്രതിയെ കാലിൽ പിടിച്ച് വലിച്ചു. വീണു കിടന്ന ഇയാൾ വീണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
നാലോ അഞ്ചോ പേർ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടുതൽ പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. അക്രമാസക്തനായ പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ കൈയ്യിൽ വിലങ്ങ് പോലും ഉണ്ടായിരുന്നില്ല എന്ന പരാതികൾ ഉയരുന്നുണ്ട്. സംഭവത്തിന് പിന്നാലെ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ്.
Discussion about this post