മലപ്പുറം : വർഷങ്ങളോളം പഴക്കമുള്ള പാലമരത്തിൽ നിന്ന് നിർത്താതെ പുക വരുന്നു. തിരൂർ തലക്കാട് പഞ്ചായത്തിലെ വടക്കേ അങ്ങാടി പെട്രോൾപമ്പിന് സമീപത്തെ പാലമരത്തിലെ മൂന്ന് പൊത്തുകളിൽ നിന്നാണ് പുകയുയരുന്നത്. ഇത് അണയ്ക്കാൻ ഏറെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാ സേനയെത്തി 10,000 ലിറ്റർ വെള്ളം ഉപയോഗിച്ചാണ് പുക വരുന്നത് തടയാൻ ശ്രമം നടത്തിയത്. എന്നാലിത് വിഫലമായി.
തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഈ പ്രതിഭാസം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് കളക്ടറും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അഗ്നിരക്ഷാ സേന രണ്ട് തവണയെത്തി മരത്തിന്റെ പൊത്തുകൾക്കിടയിലൂടെ വെള്ളം ചീറ്റിയെങ്കിലും, പുക ശമിപ്പിക്കാനായില്ല. ഇപ്പോഴും പുക ഉയരുകയാണ്. വിവിധ വകുപ്പുകൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മരം അടിയന്തരമായി വെട്ടിമാറ്റാൻ സബ്കളക്ടർ സച്ചിൻകുമാർ യാദവ് ഉത്തരവിട്ടു.
ഭൂമിക്കടിയിൽ സൾഫറിന്റെ സാന്നിധ്യമുണ്ടെങ്കിൽ അത് ചൂടായി നീരാവിയായ പുറത്തേക്ക് വരുന്നതാകാം എന്ന് തിരുവനന്തപുരം ഐസറിലെ ശാസ്ത്രജ്ഞൻ ഡോ. കാന എം. സുരേശൻ പറഞ്ഞു. ഇത് പുകപോലെ തോന്നിക്കാം. എന്നാൽ ഇതൊന്നും പരിശോധിക്കാതെ ആധികാരികമായി പറയാനാവില്ലെന്നും വിദഗ്ധർ പറയുന്നു.
Discussion about this post