കൊച്ചി : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് മേധാവിയോട് വിശദീകരണം തേടി ഹൈക്കോടതി. നാളെ ഓൺലൈനായി ഹാജരാകാൻ ഡിജിപിക്ക് നിർദ്ദേശം നൽകി. റിപ്പോർട്ട് നാളെ രാവിലെയ്ക്കകം നൽകണമെന്നും കോടതി വ്യക്തമാക്കി.
ആളുകളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് പോലീസ് എന്നാണ് കോടതി ചോദിച്ചത്. സുരക്ഷ ഏർപെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സർക്കാർ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ആഘാതം തിരിച്ചറിയണം. ഇങ്ങനെ പോയാൽ എങ്ങനെ മാതാപിതാക്കൾ ഹൗസ് സർജൻസിക്കായി കുട്ടികളെ ആശുപത്രിയിലേക്ക് വിടുമെന്നും കോടതി ചോദിച്ചു.
ഇതിൽ കൂടുതൽ എന്ത് സംഭവിക്കാനാണ് ? യുവ ഡോക്ടറാണ് കൊല്ലപ്പെട്ടത് എന്ന കാര്യം മറക്കരുത്. ഇക്കാര്യത്തിൽ പോലീസ് പൂർണമായും പരാജയപ്പെട്ടു. 22 വയസുള്ള ഒരു ഡോക്ടറെ പ്രതിക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കുന്നത് ശരിയാണോ എന്നും കോടതി ചോദിച്ചു.
സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ഇതിന് ആരാണ് ഉത്തരവാദിത്വം പറയേണ്ടത് ? സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്താണ് ചെയ്യാൻ സാധിക്കുക എന്ന് പറയാൻ പോലീസിനോട് ആവശ്യപ്പെട്ടു.
എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവൻ വേദന തിന്നും. കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു.
Discussion about this post