ബംഗളൂരു: കനത്ത തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന കർണാടകയിൽ വൈകീട്ട് അഞ്ചുമണിവരെ സമ്മതിദാനവകാശം വിനിയോഗിച്ചത് 65.69 ശതമാനം പേർ. ആകെ 2615 സ്ഥാനാർത്ഥികളും 5 കോടി 30 ലക്ഷം വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽ 2,67,28,053 പുരുഷന്മാരും 2,64,00,074 പേർ സ്ത്രീകളുമാണ്.
സംസ്ഥാനത്താകെ 58,545 പോളിങ് സ്റ്റേഷനുകളായിരുന്നു സജ്ജീകരിച്ചത്. ഇവിടങ്ങളിലേക്കായി നാലു ലക്ഷത്തോളം പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. 84,119 പോലീസ് ഉദ്യോഗസ്ഥരെയും 58,500 കേന്ദ്രസേനാ ഉദ്യോഗസ്ഥരെയും ക്രമസമാധാന പാലനത്തിനായി വിന്യസിച്ചിരുന്നു, എല്ലാ പോളിങ് ബൂത്തുകളും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ് പ്രവർത്തിച്ചത്.
സംസ്ഥാനത്തെ 224 സീറ്റുകളിൽ ഭൂരിപക്ഷം ഉറപ്പിക്കുന്നതിനായി ഭരണകക്ഷിയായ ബി ജെ പി, പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്, ജെ ഡി എസ് എന്നീ മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളാണ് രംഗത്തുള്ളത്. വരുണ, കനകപുര, ഷിഗ്ഗാവ്, ഹുബ്ലി-ദാർവാദ്, ചന്നപട്ടണ, ശിക്കാരിപുര, ചിറ്റാപൂർ, രാമനഗര, ചിക്കമംഗളൂരു തുടങ്ങിയവയാണ് ഇത്തവണ പ്രധാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ.











