ന്യൂഡൽഹി : സ്വവർഗ വിവാഹം നിയമവിധേയമാക്കണമോ എന്ന വിഷയത്തിൽ കേന്ദ്രസർക്കാരിന് മറുപടി നൽകിയത് ഏഴ് സംസ്ഥാനങ്ങൾ. മൂന്ന് സംസ്ഥാനങ്ങൾ അഭിപ്രായം വ്യക്തമാക്കിയപ്പോൾ നാല് സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരാണ് ഇക്കാര്യം അറിയിച്ചത്.
ആന്ധ്രപ്രദേശ്, രാജസ്ഥാൻ, അസം എന്നീ സംസ്ഥാനങ്ങളാണ് സ്വർഗ വിവാഹം നിയമ വിധേയമാക്കുന്നതിനെതിരെ നിലപാടെടുത്തത്. മണിപ്പൂർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, സിക്കിം എന്നീ സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ വിഭാഗത്തിലും പെട്ട മത മേലദ്ധ്യക്ഷന്മാരുമായും ഇക്കാര്യം ചർച്ച ചെയ്തെന്നും അവരുടെ അഭിപ്രായം പരിഗണിച്ച് സംസ്ഥാനം സ്വവർഗ വിവാഹത്തിനെതിരായി നിലപാടെടുക്കുകയാണെന്നും ആന്ധ്രപ്രദേശ് സ്പെഷ്യൽ ചീഫ് സെക്രട്ടറി വ്യക്തമാക്കി. കുടുംബ സംവിധാനത്തിനെതിരും സാമുദായിക അസ്വാരസ്യങ്ങളുണ്ടാക്കുന്നതുമാണ് സ്വവർഗ വിവാഹമെന്ന് രാജസ്ഥാനും വ്യക്തമാക്കി.
വിവിധ മതങ്ങളും വംശങ്ങളുമുള്ള സംസ്ഥാനത്ത് സ്വവർഗ വിവാഹം നിയമ വിധേയമാക്കിയാൽ നിയമ പരമായി പല ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്ന് അസം സർക്കാരും ചൂണ്ടിക്കാട്ടി. വ്യക്തിനിയമങ്ങളിലും മറ്റും കാര്യമായ സങ്കീർണതയുണ്ടാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Discussion about this post