നികുതിവ്യവസ്ഥ
ഉത്പാദനം, ഉപഭോഗം, കൈമാറ്റം, ഇറക്കുമതി, കയറ്റുമതി തുടങ്ങി സമ്പദ്ഘടനയിലെ വിവിധ തലങ്ങളില്‍ ചുമത്തപ്പെടുത്തുന്ന നികുതികള്‍ ഉള്‍പ്പെടുന്നതാണ് ഒരു നികുതിവ്യവസ്ഥ. നികുതികളെ പൊതുവേ പ്രത്യക്ഷനികുതി, പരോക്ഷനികുതി എന്ന് തരംതിരിക്കാറുണ്ട്. പ്രത്യക്ഷനികുതിയില്‍ നികുതി കൊടുക്കുന്ന ആളും അതിന്റെ ആത്യന്തികഭാരം വഹിക്കുന്ന ആളും ഒന്നായിരിക്കും. നേരെമറിച്ച് പരോക്ഷനികുതിയില്‍ ഇതുരണ്ടും വ്യത്യസ്ത ആളുകളാണ്.
ഉദാഹരണമായി ആദായനികുതി കൊടുക്കുന്ന വ്യക്തിതന്നെയാണ് അതിന്റെ ഭാരം വഹിക്കുന്നത്. നേരേമറിച്ച് ഒരു ഉല്പന്നത്തിന്റെ വില്പന നികുതിയുടെ കാര്യത്തില്‍ നികുതിയുടെ ഭാരം ആദ്യം വരുന്നത് വ്യാപാരിയുടെ മേല്‍ ആണ്. പക്ഷേ, അയാള്‍ ആ ഉത്പന്നം വാങ്ങുന്ന ഉപഭോക്താവിലേക്ക് വിലയോടൊപ്പം അതുകൈമാറുന്നു. വില്പനനികുതി അന്തിമ ഉപഭോക്തൃവിലയുടെ ഭാഗമായി മാറുന്നു.
പ്രധാനപ്പെട്ട പ്രത്യക്ഷനികുതികള്‍ ആദായനികുതി, സ്വത്ത് നികുതി എന്നിവയാണ്. പരോക്ഷനികുതികളാവട്ടെ, എക്സൈസ് ഡ്യൂട്ടി, വില്പനനികുതി, മൂല്യവര്‍ധിതനികുതി എന്നിവയാണ്. വികസിത രാജ്യങ്ങളിലെ നികുതിവ്യവസ്ഥയില്‍ പ്രത്യക്ഷ നികുതികള്‍ക്ക് പ്രാമുഖ്യമുള്ളപ്പോള്‍, വികസ്വര രാജ്യങ്ങളിലെ നികുതിവ്യവസ്ഥയില്‍ പരോക്ഷനികുതികളാണ് നികുതിവരുമാനത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നത്.
ഇന്ത്യയിലെ നികുതിവ്യവസ്ഥ
ഇന്ത്യയിലെ നികുതിവ്യവസ്ഥ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും നികുതിവ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ്. കേന്ദ്രം പിരിച്ചെടുക്കുന്ന പ്രധാനപ്പെട്ട നികുതികള്‍ താഴെപ്പറയുന്നവയാണ്.
1. ആദായ നികുതി. വ്യക്തികളുടെ വാര്‍ഷിക ആദായത്തിന്മേല്‍ ചുമത്തുന്ന ഈ നികുതിയുടെ നിരക്ക് വരുമാനത്തിന് അനുസരിച്ച് വര്‍ധിക്കും. പരമാവധി നിരക്ക് 30 ശ.മാ. ആണ്.
2. എക്സൈസ് തീരുവ. ഉത്പാദനത്തിനുമേലുള്ള നികുതിയാണിത്. വ്യത്യസ്ത നിരക്കുകളിലാണ് ഉത്പന്നങ്ങള്‍ക്ക് എക്സൈസ് തീരുവ ചുമത്തുന്നത്.
3. ഇറക്കുമതി തീരുവ. മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുപ്പെടുന്ന ഉത്പന്നങ്ങളുടെ മേല്‍ ചുമത്തുന്ന നികുതിയാണിത്.
4. കോര്‍പ്പറേഷന്‍ ലാഭ നികുതി. കമ്പനികളുടെ ലാഭത്തിന്മേലുള്ള നികുതിയാണിത്.
5. സേവന നികുതി. സേവനനികുതിയുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ നല്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അവരുടെ വിറ്റുവരവിന്മേല്‍ അടയ്ക്കേണ്ട നികുതിയാണിത്. നിലവില്‍ 12 ശ.മാ. ആണ് സേവനനികുതി നിരക്ക്.
കേന്ദ്രത്തിന്റെ എക്സൈസ് തീരുവയും ആദായനികുതിയും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടവയാണ്. ഭരണഘടനാപരമായി നിയമിക്കപ്പെടുന്ന ധനകാര്യകമ്മീഷന്‍ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഇവയുടെ എത്രശതമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന് ശുപാര്‍ശചെയ്യും. ഏറ്റവും അവസാനം ശുപാര്‍ശ സമര്‍പ്പിച്ചത് 13-ാം ധനകാര്യകമ്മീഷനാണ്. താഴെപ്പറയുന്നവയാണ് സംസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട നികുതി സ്രോതസ്സുകള്‍.
1. മൂല്യവര്‍ധിത നികുതിയും വില്പന നികുതിയും. സംസ്ഥാനങ്ങളുടെ തനതു നികുതി വരുമാനത്തില്‍ 65-70 ശ.മാ. വരെ സംഭാവന ചെയ്യുന്നത് ഈ രണ്ടുനികുതികളുമാണ്. പെട്രോള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, മദ്യം എന്നിവയിന്മേല്‍ വില്പന നികുതി ചുമത്തപ്പെടുമ്പോള്‍ ചുരുക്കം ചില സാധനങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവയുടെ മേല്‍ എല്ലാം മൂല്യവര്‍ധിത നികുതി ചുമത്തപ്പെടുന്നു. ഒരു ഉത്പന്നത്തിന്റെ ഉത്പാദനം മുതല്‍ അത് അന്തിമ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ഉത്പന്നത്തിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന വര്‍ധനവിന്മേല്‍ ചുമത്തുന്നതാണ് മൂല്യവര്‍ധിത നികുതി. ഇത് ഉത്പന്നങ്ങളുടെ സ്വഭാവം അനുസരിച്ച് 1 ശ.മാ., 4 ശ.മാ., 12.5 ശ.മാ. എന്നിങ്ങനെ മൂന്നു നിരക്കുകളിലാണ് നിലവില്‍ ചുമത്തപ്പെടുന്നത്.
2. കാര്‍ഷികാദായ നികുതി. കര്‍ഷകരുടെ വരുമാനത്തിന്മേലുള്ള നികുതിയാണിത്. കൃഷിച്ചെലവു കഴിച്ചുള്ള ആദായമാണ് ഇപ്രകാരം കാര്‍ഷികാദായ നികുതിക്ക് പരിഗണിക്കുന്നത്.
3. ഭൂനികുതി. വിസ്തീര്‍ണം അടിസ്ഥാനമാക്കിയാണ് ഭൂനികുതി ചുമത്തപ്പെടുന്നത്.
4. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ചാര്‍ജും. ഭൂമിയുടെയോ അതില്‍ ഉള്‍പ്പെട്ട കെട്ടിടങ്ങളുടെയോ കൈമാറ്റത്തിന്മേലുള്ള നികുതിയാണിത്. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും വ്യത്യസ്തനിരക്കിലാണ് ഇത് ചുമത്തപ്പെടുന്നത്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്ന പ്രധാനപ്പെട്ട നികുതികള്‍ കെട്ടിടനികുതിയും തൊഴില്‍നികുതിയുമാണ്. കെട്ടിടങ്ങളുടെ വിസ്തീര്‍ണം, അതുപണിയാന്‍ ഉപയോഗിച്ചിരിക്കുന്ന നിര്‍മാണസാമഗ്രികള്‍ എന്നിവ കണക്കിലെടുത്താണ് കെട്ടിടനികുതി ചുമത്തുന്നത്. ഓരോ ശമ്പളവിഭാഗക്കാര്‍ക്കും വ്യത്യസ്ത നികുതിനിരക്കുകളിലാണ് തൊഴില്‍നികുതി ചുമത്തപ്പെടുന്നത്.
( കേരള സർക്കാർ പ്രസിദ്ധീകരിച്ച സർവ്വ വിജ്ഞാന കോശത്തിൽ നിന്ന് എടുത്തത് )
Discussion about this post