ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ റിസേർച്ച് ആന്റ് അനാലിസിസ് വിങ്ങിന്റെ ഭാഗമായി പാകിസ്താനിൽ പ്രവർത്തിച്ചിരുന്നു. ആറ് വർഷത്തിലേറെ കാലം വ്യാജ പേരിലാണ് അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി ജോലി ചെയ്തത്. ഇക്കാലയളവിൽ അദ്ദേഹത്തിന്റെ കുടുംബവും കൂടെയുണ്ടായിരുന്നുവെന്ന രഹസ്യം പലർക്കും അറിയില്ല. ഈ അവസരത്തിൽ തന്റെ ചെറുപ്പകാലത്തെ പാകിസ്താനിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അജിത് ഡോവലിന്റെ മകൻ ശൗര്യ ഡോവൽ.
ആറ് വർഷക്കാലം ശൗര്യ ഡോവലും പാകിസ്താനിൽ തന്നെയാണ് പഠിച്ചത്. ഇന്ത്യൻ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്ടറായ ശൗര്യ 1981-87 കാലയളവിലാണ് പാകിസ്താനിലെ സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയത്. അച്ഛൻ അജിത് ഡോവൽ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിയമിതനായപ്പോഴായിരുന്നു ഇത്. അതിന് മുൻപ് മിസോറമിലും സിക്കിമിലും പഠിച്ചു.
49 പാകിസ്താനി വിദ്യാർത്ഥികൾക്കൊപ്പം പിടിച്ചുനിന്ന ഏക ഇന്ത്യൻ വിദ്യാർത്ഥിയായിരുന്നു താനെന്ന് ശൗര്യ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി തുടരുന്ന സമയമായിരുന്നു. ഇതിൽ നിന്ന് പാകിസ്താൻ ശ്രദ്ധ തിരിക്കുകയും പഞ്ചാബ് പ്രതിസന്ധി ആരംഭിക്കുകയും ചെയ്യുന്ന കാലഘട്ടം. ഇക്കാരണത്താൽ, പാകിസ്താനിലെ ഇന്ത്യൻ നയതന്ത്രജ്ഞർക്കും അവരുടെ കുടുംബങ്ങൾക്കും വലിയ സുരക്ഷാ ഭീഷണി നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മറ്റേതോ ഭാഗത്ത് വളരുന്നത് പോലുള്ള അനുഭവമായിരുന്നു. മറ്റ് 49 കുട്ടികൾക്കെതിരെ നിൽക്കുന്ന ഏക ഇന്ത്യക്കാരനായിരുന്നു ശൗര്യ. അങ്ങനെ ഒരു ഘട്ടത്തിൽ നാം രണ്ട് കാര്യങ്ങൾ വളർത്തിയെടുക്കും- ഒന്ന് രാജ്യസ്‌നേഹം, മറ്റൊന്ന് ഒറ്റയ്ക്ക് പോരാടാനുള്ള ശേഷി.
പാകിസ്താനിലെ ചരിത്ര പുസ്തകരങ്ങളെപ്പറ്റിയും അദ്ദേഹം പരാമർശിച്ചു. പാകിസ്താനിൽ അവരുടെ ചരിത്രം ആരംഭിക്കുന്നത് 1947 മുതലാണ്. 1947 ന് മുമ്പുള്ള ചരിത്രത്തെ അവർ അവഗണിക്കുന്നു. അത് പറഞ്ഞുകൊടുത്താലും ഹിന്ദുക്കൾക്ക് മേലെയുള്ള മുസ്ലീം ആധിപത്യത്തെക്കുറിച്ചാണ് പറയുക. അതുകൊണ്ട് തന്നെ ചരിത്രത്തെപ്പറ്റി അവർക്ക് തിരിച്ചും വ്യത്യസ്തമായ സമീപനമാണ്.
പാകിസ്താൻ പാഠപുസ്തകങ്ങളിലെ ചരിത്രം ആരംഭിക്കുന്നത് മുഹമ്മദ് ബിൻ ഖാസിമിന്റെ വരവോടെയാണ്. അത് പാകിസ്താന്റെ ചരിത്രമാണെന്നാണ് അവർ വിശ്വസിക്കുന്നത്. സിന്ധുനദീതട സംസ്‌കാരത്തെപ്പറ്റി പറയുമ്പോൾ, അവർ ഹരപ്പയെയും മൊഹെജോദാരോയെയും മാത്രം പഠിപ്പിക്കുകയും. മൗര്യ, ഗുപ്ത രാജവംശങ്ങളുടെ ചരിത്രം ഒഴിവാക്കും. അവർക്ക് ചോളന്മാരോട് ഒട്ടും താൽപ്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനിൽ ചില സുഹൃത്തുക്കളെ ഉണ്ടാക്കിയെങ്കിലും, ഇന്റർനെറ്റോ അത്തരം മാധ്യമങ്ങളോ ലഭ്യമല്ലാത്തതിനാൽ അവരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ശൗര്യ ഡോവൽ പറഞ്ഞു.












