പത്തനംതിട്ട: എൻജിഒ സംഘ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന് ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മകളേ മാപ്പ്…ഭരണകൂടമേ ലജ്ജിക്കുക എന്നെഴുതിയ വന്ദനയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും, മൺചിരാതുകളിൽ ദീപം തെളിയിച്ചും നടത്തിയ പരിപാടി കേരള എൻജിഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു.
ഡോ.വന്ദന ദാസിനെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് മതിയായ സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ സർക്കാർ വൻ പരാജയമായി മാറിയിരിക്കുകയാണെന്നും എസ്. രാജേഷ് പറഞ്ഞു.
മുൻകാലങ്ങളിൽ ഉണ്ടായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് ഒരു ഡോക്ടറെ കുരുതി കൊടുക്കേണ്ടി വന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും, ആരോഗ്യ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുന്നതിനുമുള്ള നിയമനിർമ്മാണം ഉടൻ ഉണ്ടാകണമെന്നും എൻജിഒ സംഘ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എസ്.ഗിരീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.ജി അശോക് കുമാർ, ജില്ലാ സെക്രട്ടറി ജി. അനീഷ് എന്നിവർ പ്രസംഗിച്ചു.
Discussion about this post