ഇംഫാൽ; മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ ട്രോംഗ്‌ലോബിയിൽ ഏറ്റുമുട്ടൽ. ആക്രമണത്തിനു പിന്നിൽ തീവ്രവാദ സംഘടനയാണെന്നു സംശയിക്കുന്നുവെന്ന് പോലീസ്. സംഭവത്തിൽ ഒരു പോലീസ് കമാൻഡോ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. കൃത്യമായ കണക്കുകൾ പുറത്തുവരാനുണ്ടെന്ന് പോലീസ് പറഞ്ഞു.
രാവിലെ ഏകദേശം 10 മണിയോടുകൂടിയാണ് ആക്രമണമുണ്ടായത്. അക്രമകാരികളെന്ന് കരുതുന്നവർ പോലീസിനു നേരെ വെടിവെക്കുകയായിരുന്നു. കുന്നിൻപ്രദേശങ്ങളിൽ ചില അക്രമകാരികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തുകയും ആക്രമണം ഉണ്ടാവുകയുമായിരുന്നു.
അക്രമകാരികളെ പിടികൂടാൻ മണിപ്പൂർ പോലീസിന്റെയും സഹായമുണ്ട്. അടുത്തിടെ ഗോത്രവിഭാഗങ്ങൾ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ സുരക്ഷാസേനയുടെ കയ്യിൽ നിന്ന് തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കലാപകാരികൾ കവർന്നിരുന്നു. ഇതിൽ ഭൂരിഭാഗവും സുരക്ഷാസേന തിരിച്ചുപിടിച്ചെങ്കിലും കലാപത്തിന്റെ മറവിൽ ചില ആയുധങ്ങൾ ഇത്തരം രാജ്യവിരുദ്ധ ശക്തികൾ കൈവശപ്പെടുത്തിയതായി അന്നേ സംശയം ഉയർന്നിരുന്നു.
മെയ്തെയ് സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുളള ഹൈക്കോടതി ഉത്തരവാണ് സംസ്ഥാനത്ത് കലാപത്തിന് തിരി കൊളുത്തിയത്. ഇതിനെതിരെ മറ്റ് വിഭാഗക്കാരായ ഗോത്രജനത സംഘടിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. കലാപബാധിത മേഖലകളുടെ നിയന്ത്രണം കേന്ദ്രസേന ഏറ്റെടുത്തതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.
Discussion about this post