ഗാന്ധിനഗർ; പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിലും മാറ്റം വരികയാണ്. അഖിലേന്ത്യ പ്രൈമറി ടീച്ചേർസ് ഫെഡറേഷന്റെ 29ാമത് കോൺഫറൻസായ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സമ്പ്രദായവും അദ്ധ്യാപകരും വിദ്യാർഥികളും മാറുകയാണ്. ഈ മാറ്റത്തിന്റെ കാലത്ത് നമ്മളെങ്ങനെ മുന്നോട്ട് പോകുന്നുവെന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യാപകരുമായി നടത്തിയ കൂടിക്കാഴ്ചകൾ വഴി ദേശീയ തലത്തിൽ വിദ്യാഭ്യാസത്തിന്റെ പുതിയ പോളിസികൾ രൂപീകരിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ അദ്ധ്യാപകരോട് ലോകനേതാക്കൾ പുലർത്തുന്ന ബഹുമാനത്തെക്കുറിച്ചും അദ്ദേഹം പരിപാടിയിൽ സംസാരിച്ചു. അദ്ധ്യാപകരുടെ പെരുമാറ്റം വിദ്യാർഥികളുടെ സ്വഭാവത്തെ സ്വാധീനിക്കും. അദ്ധ്യാപകർ എന്നതിലുപരി വിദ്യാർഥികൾക്ക് വഴികാട്ടികളാവാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അദ്ധ്യാപകരാണ് വിദ്യാഭ്യാസത്തിന്റെ പരിവർത്തനത്തിന്റെ കേന്ദ്രബിന്ദു എന്നതായിരുന്നു പരിപാടിയുടെ വിഷയം. ഗുജറാത്ത് സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം 4400 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിടൽ നിർവ്വഹിക്കും.










