ന്യൂഡൽഹി : കർണാടകയുടെ രാഷ്ട്രീയ ഭാവി അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ്. വമ്പൻ ഭൂരിപക്ഷത്തോടെ പാർട്ടി കർണാടകയിൽ അധികാരത്തിലേറും എന്നാൽ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറയുന്നത്. വിജയം നേടുന്നതനുസരിച്ച് മറ്റെല്ലാം തീരുമാനിക്കുമെന്നും ഖാർഗേ കൂട്ടിച്ചേർത്തു.
”എന്താണ് ചെയ്യേണ്ടതെന്ന് കണക്കുകൾ ഞങ്ങളോട് പറയും. ഫലം വന്നതിന് ശേഷം യോഗം വിളിക്കും.” ജെഡിഎസുമായി കോൺഗ്രസ് സഖ്യം ചേരുമെന്ന വാർത്തകളും പാർട്ടി അദ്ധ്യക്ഷൻ നിഷേധിച്ചു. ആരും ആരെയും സമീപിച്ചിട്ടില്ല എന്നാണ് ഖാർഗെ പറഞ്ഞത്.
കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും പാർട്ടിക്ക് കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഒരു തീരുമാനമെടുത്തതായും മുൻ ജെഡിഎസ് നേതാവ് തൻവീർ അഹമ്മദ് അവകാശപ്പെട്ടിരുന്നു. ‘ആരുമായാണ് സർക്കാർ രൂപീകരിക്കാൻ പോകുന്നതെന്ന് ഞങ്ങൾ ഇതിനകം തീരുമാനിച്ചു. ഉചിതമായ സമയത്ത് ഞങ്ങൾ അത് പൊതുജനങ്ങളെ അറിയിക്കും.” എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ ഇത് തള്ളിക്കൊണ്ട് കർണാടകയിലെ ജെഡിഎസ് അദ്ധ്യക്ഷൻ സിഎം ഇബ്രാഹിം രംഗത്തെത്തി. തൻവീർ അഹമ്മദ് ജെഡിഎസ് പാർട്ടി വക്തവല്ലെന്നും നേരത്തെ തന്നെ പാർട്ടി വിട്ട് പോയ വ്യക്തിയാണെന്നും ഇബ്രാഹിം പറഞ്ഞു. ഇതുവരെ ആരുമായും സഖ്യം ചേരാൻ തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.








