പൊന്നാനി: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്, ഉടമയായ നാസർ വാങ്ങിയത് 95,000 രൂപയ്ക്ക്. വിനോദസഞ്ചാര ബോട്ട് വാങ്ങാൻ പണമില്ലെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികൾ ഉപേക്ഷിച്ച ബോട്ട് വാങ്ങുകയായിരുന്നു. 7500 രൂപ ബ്രോക്കർ ഫീസ് നൽകിയാണ് നാസറിന് ബോട്ട് കച്ചവടമാക്കിയതെന്ന് ഇടനില നിന്ന സ്രാങ്ക് കബീർ വെളിപ്പെടുത്തി.
നാസറിന്റെ സഹോദരൻ ഹംസക്കുട്ടി സഖാവ് ആണ് ബോട്ട് വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചത്. വിനോദസഞ്ചാര ബോട്ടുകൾ കണ്ടുവെച്ചിരുന്നു. പക്ഷെ അതിന്റെ വില കേട്ടപ്പോൾ നാസർ പിൻമാറി. ചെറിയ പൈസയിലുളള ബോട്ട് മതിയെന്ന് ആണ് പറഞ്ഞത്. 17 പേർ കടലിൽ പോകുന്ന ഫൈബർ ക്ലാസ് വളളമായിരുന്നു അതെന്ന് കബീർ പറഞ്ഞു.
ഒന്നര മാസം പണിതിട്ടാണ് ബോട്ട് ആ രൂപത്തിലാക്കിയത്. അതിനായി സാധനങ്ങൾ എടുത്ത വകയിൽ പതിനായിരം രൂപയോളം കടയിൽ കൊടുക്കാനുണ്ടെന്നും കബീർ വെളിപ്പെടുത്തി. 5000 രൂപയും, 2500 രൂപയുമായിട്ടാണ് തന്റെ പൈസ തന്നത്. ബാക്കി തരാം തരാം എന്ന് പറഞ്ഞ് പറ്റിച്ചു. നാട്ടിലേക്ക് പോയ ശേഷം അക്കൗണ്ടിൽ ഇട്ടുതരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് പൈസ ഒന്നും തന്നില്ലെന്ന് കബീർ പറഞ്ഞു.
16 ആളുകളെ മാത്രമേ ബോട്ടിൽ കയറ്റാവൂ എന്ന് പറഞ്ഞിരുന്നു. അതിനുളള സീറ്റ് മാത്രമേ അതിൽ ഉണ്ടായിരുന്നുളളൂ. ജെട്ടിയിൽ ബോട്ട് കെട്ടിയിട്ടിരിക്കുമ്പോൾ അവർക്ക് ഇരിക്കാനാണെന്ന് പറഞ്ഞാണ് മുകളിൽ തട്ട് ഉണ്ടാക്കിയതെന്നും കബീർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് താനൂർ തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി കുഞ്ഞുങ്ങൾ അടക്കം 22 പേർ മരിച്ചത്. ഒൻപത് പേർ മാത്രമാണ് രക്ഷപെട്ടത്. അപകടത്തിന് ശേഷം മുങ്ങിയ ബോട്ട് ഉടമ നാസറിനെ പിറ്റേന്ന് കോഴിക്കോട് നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.













Discussion about this post