ന്യൂഡൽഹി: കേരളത്തെ രാജ്യമായി ചിത്രീകരിച്ച് അബുദബിയിലെ നിക്ഷേപ പരിപാടി. അബുദബിയിൽ നടന്ന വാർഷിക നിക്ഷേപ മീറ്റിംഗിലാണ് വിചിത്രമായ ഈ സംഭവം. വേദിയിൽ പ്രദർശിപ്പിച്ച സ്‌ക്രീനിൽ പങ്കാളിത്തമുളള രാജ്യങ്ങളുടെ പട്ടികയിലാണ് സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രീകരിച്ചത്. ഇന്ത്യയുടെ പതാകയാണ് കേരളത്തെ അടയാളപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഈ പരിപാടിക്ക് പോകാനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാൽ വിദേശരാജ്യങ്ങളിലെ വിദേശ നിക്ഷേപങ്ങൾ അബുദബിയിലേക്ക് ആകർഷിക്കാൻ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് ഗുണകരമാകില്ലെന്ന് വിലയിരുത്തി കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയുടെ വേദിയിലെ സ്‌ക്രീനിൽ കേരളത്തെ രാജ്യമായി അടയാളപ്പെടുത്തിയ ചിത്രങ്ങൾ പുറത്തുവരുന്നത്.
ഈ മാസം എട്ട് മുതൽ 10 വരെയായിരുന്നു അബുദബിയിലെ പരിപാടി. ജോർദ്ദാൻ, അങ്കോള, അസർബെയ്ജാൻ കംബോഡിയ, അർമേനിയ, കോംഗോ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് കേരളത്തെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. അബുദബി നാഷണൽ എക്‌സിബിഷൻ സെന്ററിലാണ് പരിപാടി നടന്നത്.
പരിപാടിയുടേതായി ട്വിറ്ററിൽ അടക്കം പ്രത്യക്ഷപ്പെട്ട ചില ചിത്രങ്ങളിലാണ് വിവിധ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുടെ പതാകയുമായി സ്റ്റേറ്റ് ഓഫ് കേരള എന്ന് രേഖപ്പെടുത്തിയ ചിത്രവും പുറത്തുവന്നത്. ചിത്രം വിവാദമായതോടെ കേന്ദ്രസർക്കാരും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ പ്രദർശിപ്പിച്ചതെന്ന് ഉൾപ്പെടെയുളള കാര്യങ്ങൾ പരിശോധിക്കും. ചിത്രത്തിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.












