ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. അനന്തനാഗിലായിരുന്നു സംഭവം. ഭീകര താവളത്തിൽ നിന്നും ആയുധങ്ങളും രഹസ്യ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
അനന്തനാഗിലെ സംഗം ഗ്രാമത്തിലായിരുന്നു സംഭവം. രാവിലെ മുതൽ ഇവിടെ ഭീകരർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതിന് ശേഷം നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ താവളം സുരക്ഷാ സേന കണ്ടത്. പ്രദേശത്ത് രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായും വിവരമുണ്ട്.
അടുത്തിടെ പൂഞ്ചിൽ ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാ സേന ഊർജ്ജിത അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചത്. ഇതിന് പിന്നാലെ പുലർച്ചെയോടെ സുരക്ഷാ സേനയുടെ സംഘം സ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ സേനാംഗങ്ങളെ കണ്ട ഭീകരർ വെടിയുതിർക്കാൻ ആരംഭിച്ചു. ഇതോടെ സുരക്ഷാ സേനയും ശക്തമായി പ്രതിരോധിക്കുകയായിരുന്നു.
വൈകീട്ടുവരെ ഏറ്റുമുട്ടൽ തുടർന്നു. ഇതിന് ശേഷമായിരുന്നു സ്ഥലത്ത് പരിശോധന നടത്തിയത്. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകൾ സുരക്ഷാ സേന പരിശോധിച്ചുവരികയാണ്.
Discussion about this post