മുംബൈ: ഭാര്യ ഗൗരി ഖാന്റെ കോഫി ടേബിൾ പുസ്തകം പുറത്തിറക്കി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു ഇന്റീരിയർ ഡിസൈനിനെക്കുറിച്ചുളള പുസ്തകം ഷാറൂഖ് പുറത്തിറക്കിയത്. തന്റെ വീട്ടിലെ ഏറ്റവും തിരക്കുളള വ്യക്തിയാണ് ഭാര്യ ഗൗരിയെന്ന് ഷാരൂഖ് പറഞ്ഞു.
തന്നെയും മകളെയും മകനെയുമൊക്കെ അപേക്ഷിച്ച് ഗൗരിയാണ് വീട്ടിലെ ഏറ്റവും തിരക്കുളള ആൾ. എന്തിനാണ് ഇത്രയും ജോലി ചെയ്യുന്നതെന്ന് ചോദിച്ചാൽ അതാണ് തന്റെ സംതൃപ്തിയെന്നാണ് ഗൗരിയുടെ മറുപടിയെന്നും ഷാരൂഖ് പറഞ്ഞു.
വീട്ടിൽ ഒരുമിച്ച് ഡിന്നർ കഴിക്കുമ്പോൾ പകൽ സമയങ്ങളിലെ ജോലിയെക്കുറിച്ചാണ് പ്രധാന ചർച്ചകൾ നടക്കുന്നത്. ആ ചർച്ചകൾക്കൊടുവിൽ സംതൃപ്തിയുളള ദിവസവും സംതൃപ്തിയുളള ഡിന്നറുമായിരിക്കും സംഭവിക്കുക. കാരണം സംതൃപ്തമായ ദിവസം ഏറ്റവും സന്തോഷകരമായ ദിവസമാണെന്ന വിശ്വാസമാണ് ഗൗരിക്കുളളതെന്നും ഷാരൂഖ് പറഞ്ഞു.
ഇന്റീരിയർ ഡിസൈനർ കൂടിയായ ഗൗരി ഖാന്റെ സെലിബ്രിറ്റികൾക്ക് വേണ്ടിയുളള ചില പ്രധാന പ്രൊജക്ടുകളുടെ വിവരങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉണ്ടെന്ന് ഷാറൂഖ് പറഞ്ഞു. ഇന്റീരിയർ ഡിസൈനർ എന്ന നിലയിൽ ഗൗരിയുടെ വളർച്ച അടയാളപ്പെടുത്തുന്നതിനൊപ്പം ഈ രംഗത്തേക്ക് പുതുതായി എത്തുന്നവർക്ക് ചില ടിപ്പുകളും ഇന്റീരിയർ ഡിസൈനെക്കുറിച്ചുളള പുതിയ വിവരങ്ങളും പുസ്തകത്തിലുണ്ടെന്നും ഷാറൂഖ് കൂട്ടിച്ചേർത്തു.
മൈ ലൈഫ് ഇൻ ഡിസൈൻ എന്ന പേരിലാണ് പുസ്തകം. ഷാരൂഖിന്റെ ബംഗ്ലാവായ മന്നത്തിന്റെ ഡിസൈനിലൂടെയാണ് ഇന്റീരിയർ ഡിസൈൻ രംഗത്തേക്ക് ഗൗരി ഖാൻ എത്തുന്നത്. അന്ന് മന്നത്ത് വാങ്ങിയ ശേഷം ഒരു ഇന്റീരിയർ ഡിസൈനറെ നിയോഗിക്കാൻ തനിക്ക് കഴിയില്ലായിരുന്നു. ഡിസൈൻ തയ്യാറാക്കാൻ വരുന്നവർ തന്റെ വരുമാനത്തിലുമധികമാണ് പ്രതിഫലം ചോദിക്കുന്നത്. അങ്ങനെയാണ് ഗൗരിയോട് മന്നത്തിന്റെ ഇന്റീരിയർ തയ്യാറാക്കാൻ പറഞ്ഞതെന്ന് ഷാരൂഖ് പറഞ്ഞു.
Discussion about this post