തിരുവനന്തപുരം; ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയയുടെ മരണത്തിലെ ദുരൂഹതകൾ ബലപ്പെടുത്തി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. മകളെ വിളിച്ചുകൊണ്ടുപോകാൻ ചെന്ന വീട്ടുകാരെ മതപഠന കേന്ദ്രത്തിൽ കാത്ത് നിർത്തിയത് ഒന്നര മണിക്കൂറാണെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. മകൾ കുളിമുറിയിലാണെന്ന് പറഞ്ഞാണ് കാത്ത് നിർത്തിയത്. കുളിമുറിയിലാണെന്ന് പറഞ്ഞ മകൾ എങ്ങനെയാണ് ലൈബ്രറിയിൽ തൂങ്ങി നിൽക്കുന്നതെന്ന് ബന്ധുക്കൾ ചോദിച്ചു.
ഇത്രയും നേരമായിട്ടും കുളിച്ചുകഴിഞ്ഞില്ലേ എന്ന് ചോദിച്ച് വീട്ടുകാർ നിർബന്ധപൂർവ്വം അകത്തേക്ക് കയറുകയായിരുന്നു. തൂങ്ങി നിൽക്കുന്ന മകളെ അഴിച്ച് താഴെയിറക്കി കൊണ്ടുവരുന്നതാണ് വീട്ടുകാർ കാണുന്നത്. ഫസ്റ്റ് എയ്ഡ് പോലും കൊടുക്കാൻ തയ്യാറായില്ലെന്നും പോലീസ് സ്‌റ്റേഷനിൽ അറിയിക്കാനോ ആശുപത്രിയിലാക്കാനോ പോലും മതപഠന കേന്ദ്രത്തിലെ അധികൃതർ തയ്യാറായില്ലെന്നും ബന്ധുക്കൾ പറയുന്നു.
അസ്മിയുടെ ഉമ്മയും ബന്ധുക്കളും ചെന്ന ഓട്ടോറിക്ഷയിലാണ് ഒടുവിൽ മകളെയും കൊണ്ട് ഉമ്മ ആശുപത്രി അന്വേഷിച്ച് സഞ്ചരിച്ചത്. സ്ഥലം പരിചയമില്ലാത്തതിനാൽ ആശുപത്രി എവിടെയെന്ന് ചോദിച്ചായിരുന്നു യാത്രയെന്നും ബന്ധുക്കൾ പറഞ്ഞു. കുളിക്കുകയാണെന്ന് പറഞ്ഞ മകളുടെ മുടിയിൽ വെളളം വീണതിന്റെ നനവ് ഉണ്ടായിരുന്നില്ല. ശരീരം തണുത്തിരുന്നു. ഷോൾ ഇല്ല, ചുരിദാർ മാത്രമായിരുന്നു ധരിച്ചിരുന്നതെന്ന് അമ്മ പറഞ്ഞു.
അതിന് മുൻപ് അസ്മിയയെ കാണാൻ ചെന്നപ്പോൾ അവിടേക്ക് തിരിച്ചുപോകുന്നില്ലെന്ന് പറഞ്ഞ് അസ്മിയ നിർബന്ധം പിടിച്ചിരുന്നു. ഉസ്താദും അദ്ധ്്യാപകനും വഴക്ക് പറയുന്നുവെന്ന് ആയിരുന്നു പറഞ്ഞത്. അദ്ധ്യാപകൻ തന്നെ എപ്പോഴും പിരാകുവാണെന്നും ശപിക്കുവാണെന്നും ഇവിടെ നിൽക്കാനാകില്ലെന്നും അസ്മിയ പറഞ്ഞിരുന്നതായി ഉമ്മയും ബന്ധുക്കളും പറയുന്നു.
വെളളിയാഴ്ച മകളുടെ പതിവ് വിളി എത്താഞ്ഞപ്പോൾ വൈകിട്ട് ആറ് മണിയായപ്പോൾ ഉസ്താദിനെ വിളിച്ചു. ഉസ്താദേ വെളളിയാഴ്ച വിളിക്കുന്ന മകൾ ഇന്ന് വിളിച്ചില്ലെന്ന് പറഞ്ഞു. അവൾ നാളെ വിളിച്ചോളും എന്ന് പറഞ്ഞ് വെക്കുകയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് മകൾ വിളിച്ചത്.
ഫോൺ എടുത്തപ്പോൾ ഭയങ്കര കരച്ചിലായിരുന്നു. ഉമ്മാ എന്നെ ഒന്ന് ഈ സ്ഥാപനത്തിൽ നിന്ന് എടുത്തോണ്ടു പോകുമോയെന്നാണ് ചോദിച്ചത്. കുറച്ച് ദിവസം കൂടിയല്ലേ ഉളളൂ എന്ന് പറഞ്ഞപ്പോൾ പറ്റില്ലെന്നും നാളെത്തന്നെ എന്നെ കൊണ്ടുപോകണമെന്നുമാണ് പറഞ്ഞത്. അങ്ങനെയാണ് മകളെ കാണാൻ ബാലരാമപുരത്തേക്ക് പോയതെന്നും ഉമ്മയും ബന്ധുക്കളും പറയുന്നു.
Discussion about this post