ഭുവനേശ്വർ: 2024 ൽ പ്രിയങ്ക വാദ്രയെ സംയുക്ത പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ്. കർണാടകയിൽ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോൺഗ്രസ് തലപുകയ്ക്കുന്നതിനിടെയാണ് ആചാര്യ പ്രമോദിന്റെ ഉപദേശം. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു ആചാര്യ പ്രമോദ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയ മുഖമായി മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അതേ രീതിയിൽ ഇന്ത്യയിലെങ്ങും പരിചിതമായ ആളെ വേണം പ്രതിപക്ഷ സ്ഥാനാർത്ഥിയാക്കി നിർത്താൻ. പ്രിയങ്കയെ സംയുക്ത സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറാകണമെന്നും ആചാര്യ പ്രമോദ് ആവശ്യപ്പെട്ടു. മമത ബാനർജിയും നിതീഷ് കുമാറുമൊക്കെ അവരുടെ സംസ്ഥാനങ്ങളിൽ മാത്രം അറിയപ്പെടുന്നവരാണെന്നും ആചാര്യ പ്രമോദ് ചൂണ്ടിക്കാട്ടി.
2024 ലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾ തമ്മിലുളള പോരാട്ടത്തിലും ഉപരിയായിരിക്കും. ഏറ്റവും കൂടുതൽ സ്വാധീനമുളള വ്യക്തിയെ വേണം പ്രധാനമന്ത്രിയായി പരിഗണിക്കാൻ. മോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി. അതുകൊണ്ട് അദ്ദേഹത്തെ പരാജയപ്പെടുത്താൻ കഴിയുന്ന മുഖമുളള ഒരാളെ വേണം. ജനകീയവും വിശ്വാസ്യതയും അംഗീകാരവുമുളള ആളാകണം. പ്രിയങ്ക അത്തരത്തിൽ ഒരു വ്യക്തിയാണെന്നും ആചാര്യ പ്രമോദ് കൂട്ടിച്ചേർത്തു.










