പാലക്കാട് : പാലക്കാട് വിക്ടോറിയ കോളേജ് ഹോസ്റ്റൽ അക്രമണവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ്പ്രകാരം പോലീസ് തിരയുന്ന പ്രതി സിപിഎം എംഎൽഎയ്ക്കും പാർട്ടി ജില്ലാ സെക്രട്ടറിക്കുമൊപ്പം എസ്എഫ്‌ഐ വേദിയിൽ. എസ്എഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് കഴിഞ്ഞ ഒന്നര മാസക്കാലമായി പോലീസ് തിരയുന്ന പ്രതി സിപിഐഎം ജില്ല നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത്.
ഷൊർണ്ണൂർ നിയോജകമണ്ഡലം എംഎൽഎ പി. മമ്മിക്കുട്ടി, സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു എന്നിവരാണ് പരിപാടിയിൽ ഉദ്ഘാടനത്തിനും ലോഗോ പ്രകാശനത്തിനുമായി പങ്കെടുത്തത്. അക്രമത്തിന് നേതൃത്വം കൊടുത്ത പ്രതിക്ക് സംരക്ഷണം കൊടുക്കുന്നത് സിപിഎം ജില്ല നേതൃത്വമാണ് എന്നതിന്റെ തെളിവാണ് പ്രതിക്കൊപ്പം എം.എൽ.എയും പാർട്ടി ജില്ല സെക്രട്ടറിയും വേദി പങ്കിട്ട ദൃശ്യങ്ങളെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.വി.അരുൺ പറഞ്ഞു.
ഒന്നര മാസമായിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സിപിഐഎം നേതൃത്വത്തിന്റെ ഭീഷണി ഭയന്നാണോ എന്ന് സംശയിക്കേണ്ടതാണെന്നും എൻ.വി.അരുൺ പറഞ്ഞു. ഒരേ സമയം പ്രതികൾക്ക് സംരക്ഷണം നൽകുകയും, ജനപ്രതിനിധി പോലീസിനെ നോക്കുകുത്തികളാക്കി നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്നത് അത്യധികം ഗൗരവത്തോടുകൂടി നോക്കിക്കാണേണ്ട വസ്തുതയാണെന്നും എബിവിപി ചൂണ്ടിക്കാട്ടി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുവാൻ പോലീസ് തയ്യാറാവണമെന്നും എൻ.വി.അരുൺ ആവശ്യപ്പെട്ടു.












