തിരുവനന്തപപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. അരിക്കൊമ്പൻ അരിയും ചക്കക്കൊമ്പൻ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയൻ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ‘
അരി ചാമ്പാൻ അരിക്കൊമ്പൻ, ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കൻ എന്നൊരു ട്രോൾ കണ്ടു ഞാൻ. എത്ര യാഥാർഥ്യമാണത്. അതൊരു തമാശയിലാണ് ട്രോൾ വന്നതെങ്കിലും യാഥാർഥ്യമല്ലേയത്? അരിക്കൊമ്പൻ അരിയടിച്ചുകൊണ്ടുപോകുന്നു. ചക്കക്കൊമ്പൻ ചക്കയടിച്ചുകൊണ്ടുപോകുന്നു. പിണറായി വിജയൻ ഖജനാവ് അടിച്ചുകൊണ്ടുപോകുന്നു. എത്രസാമ്യം’, എന്നായിരുന്നു കെ. സുധാകരന്റെ പരിഹാസം.
പിണറായി സർക്കാർ കമ്മീഷൻ സർക്കാറാണെന്നും പിണറായി വിജയൻ ഖജനാവ് കൊള്ളയടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരത്ത് യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പോലീസ് നിഷ്ക്രിയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡോ. വന്ദന കൊലക്കേസും താനൂർ ബോട്ട് അപകടവും ഇതിന് തെളിവാണെന്നാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലായിപ്പോഴും ഐക്യ ജനാധിപത്യ മുന്നണി സമാധാനത്തിൻറെ പാത സ്വീകരിക്കുമെന്ന് കരുതരുത്. പ്രകോപിതരായ ജനങ്ങൾക്കൊപ്പം അത്തരമൊരു സമര മുഖത്തിന് നേതൃത്വം നൽകാനും ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
Discussion about this post