ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റ്. കേസിൽ ഇരയാക്കപ്പെട്ട യുവതിയിൽ നിന്ന് 4.5 കോടി രൂപയാണ് ഇന്റർനെറ്റ് വീഡിയോ കോളുകൾ വഴി പ്രതികൾ തട്ടിയത്. ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഇവർ.
ഏപ്രിൽ 21ന് ഇവരുടെ പേരിൽ മുംബൈയിൽ നിന്ന് തായ്വാനിലേക്കുള്ള ട്രാൻസിറ്റ് പാഴ്‌സൽ ബുക്ക് ചെയ്തിരുന്നുവെന്നും, ക്രെഡിറ്റ് കാർഡ് വഴി ഇടപാട് നടത്തിയ 25,000 രൂപയ്ക്കാണ് ഇത് എത്തിയതെന്നും സന്ദേശം ലഭിച്ചു. ഇതിനുള്ളിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തുവെന്നും പിന്നീട് ഇവരെ അറിയിച്ചു. മുംബൈയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ, ആർബിഐ ഉദ്യോഗസ്ഥർ, കസ്റ്റംസ് ഉദ്യോഗസ്ഥർ, നാർക്കോട്ടിക് ഉദ്യോഗസ്ഥർ, ഡിസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എന്നിങ്ങനെ പല പേരുകളിൽ തട്ടിപ്പുകാർ തന്നെ ബന്ധപ്പെട്ടിരുന്നതായി ഇവർ തന്റെ പരാതിയിൽ പറയുന്നു.
ഇവർ പല കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്നും, കള്ളപ്പണമാണെന്ന് സംശയിക്കുന്നതിനാ്ൽ തുക പരിശോധനയുടെ ഭാഗമായി ആർബിഐക്ക് കൈമാറേണ്ടതുണ്ടെന്നും കാട്ടിയാണ് തട്ടിപ്പുകാർ യുവതിയുടെ അക്കൗണ്ടിൽ നിന്നുള്ള പണം തട്ടിയെടുക്കുന്നത്. ആർബിഐയിൽ നിന്നെന്ന പേരിൽ ഇവർക്ക് കത്ത് ഉൾപ്പെടെ ലഭിച്ചിരുന്നു. പണം കൈമാറിയതിന് പിന്നാലെ വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് ഇവർ പോലീസിന് പരാതി കൈമാറുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







