തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാൻ ആരംഭിച്ച ഓപ്പറേഷൻ പി ഹണ്ടിൽ രജിസ്റ്റർ ചെയ്തത് നൂറിലധികം കേസുകൾ. സംസ്ഥാന വ്യാപകമായി 133 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഐടി ജീവനക്കാരനടക്കം എട്ട് പോരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 212 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പലരും സൈറ്റ് ഡൗൺലോഡ് ചെയ്ത് വാട്‌സ്ആപ്പിൽ സൂക്ഷിച്ചതായി കണ്ടെത്തി. പ്രാഥമിക പരിശോധനയിൽ ഫോണിന്റെ സ്റ്റോറേജിൽ പോണോഗ്രഫി സംബന്ധമായ വീഡിയോകളും ഗൂഗിൾ സർച്ച് ഹിസ്റ്ററിയിൽ ഫോണോഗ്രഫി ചൈൽഡ് സംബന്ധമായ ബ്രൗസ് ഹിസ്റ്ററിയും കണ്ടെത്തി. കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
സൈബർ ഡോം, കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ സെൻറർ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണങ്ങളെ തുടർന്നാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് സംഘടിപ്പിച്ചത്. നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പുകളും ചാനലുകളും ശ്രദ്ധയിൽപ്പെടുന്നവർ എത്രയും വേഗം പോലീസിനെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.
Discussion about this post