ശ്രീനഗർ: കശ്മീരിന്റെ സൗന്ദര്യത്തിൽ മതിമറന്ന് ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിൽ എത്തിയ പ്രതിനിധികൾ. കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ഇന്ത്യയിലേക്കുള്ള വരവ് ആഘോഷമാക്കുകയാണ് ഇവർ. ദാൽ തടാകത്തിൽ വിദേശ പ്രതിനിധികൾ ബോട്ട് റൈഡിംഗ് നടത്തുന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജി20യുടെ ഭാഗമായുള്ള സമ്മേളനങ്ങളാണ് ശ്രീനഗറിൽ നടക്കുന്നത്. ഇതിൽ ടൂറിസം വർക്കിംഗ് ഗ്രൂപ്പിന്റേത് ആണ് ആദ്യത്തേത്. തിങ്കളാഴ്ച മുതൽ ആരംഭിച്ച സമ്മേളനം നാളെയാണ് അവസാനിക്കുക. ഇതിനിടെയാണ് പ്രതിനിധികൾ കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തിയത്.
കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ദാൽ തടാകം. ഇവിടുത്തെ ശിക്കാര ബോട്ട് റൈഡിംഗും ഏറെ പ്രശസ്തമാണ്. ഇതേ തുടർന്നാണ് വിദേശ പ്രതിനിധികൾ ഇവിടെ എത്തിയത്.
വിദേശ പ്രതിനിധികളുടെ ബോട്ട് യാത്രയുടെ ചിത്രം ജമ്മു കശ്മീർ ടൂറിസം വകുപ്പാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ശേഷം ചിത്രങ്ങൾ അതിവേഗം വൈറൽ ആകുകയായിരുന്നു. ദാൽ തടാകത്തോട് ചേർന്നുള്ള കൺവെൻഷൻ സെന്ററിലാണ് സമ്മേളനത്തിന്റെ ഭാഗമായുള്ള ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്.
നേരത്തെ കശ്മീരിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോംഗ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ പ്രതിനിധികൾ ബോട്ട് യാത്ര നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. അതിയായ സന്തോഷമുണ്ടെന്നായിരുന്നു ഹൈമ്മീഷണറുടെ പ്രതികരണം.
ജി20 ഉച്ചകോടിയുടെ ഭാഗമായി കശ്മീരിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾക്ക് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് അന്താരാഷ്ട്ര തലത്തിൽ ലഭിച്ചിട്ടുള്ളത്.













Discussion about this post