മെൽബൺ/ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിൽ പുതിയ കോൺസുലേറ്റ് തുറക്കാൻ തീരുമാനിച്ച് ഓസ്‌ട്രേലിയ. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കോൺസുലേറ്റ് തുറക്കുന്നത്. രാജ്യത്തെ പ്രമുഖ മെട്രോപോളിറ്റൻ നഗരമായ ബംഗളൂരുവാണ് ഇതിനായി തിരഞ്ഞെടുക്കുന്നത് .
സിഡ്‌നിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് ശക്തിപ്പെടുത്താൻ ബംഗളൂരുവിൽ ഒരു കോൺസുലേറ്റ് തുറക്കാൻ ആണ് തീരുമാനം. ബ്രിബ്‌സണിൽ പുതിയ കോൺസുലേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ നിർദ്ദേശങ്ങളും ക്ഷണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഈ അവസരത്തിൽ ഒരിക്കൽ കൂടി നന്ദി പറയാൻ ആഗ്രഹിക്കുന്നു. ജി20 ഉച്ചകോടിയുടെ ഭാഗമായി അടുത്ത സെപ്തംബറിൽ ഇന്ത്യയിലേക്ക് വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഇത് ആറാം തവണയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്തോ-പസഫിക് മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കുമായി ഇന്ത്യയുൾപ്പെടെയുള്ള ക്വാഡ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. പരമാധികാരം കാത്ത് സൂക്ഷിക്കേണ്ടതും സമാധാനം നിലനിർത്തേണ്ടതുമായ പ്രദേശമാണ് ഇവിടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയ- ഇന്ത്യ വാർഷിക ഉച്ചകോടിയ്ക്കായി മാർച്ചിൽ ഇന്ത്യയിൽ എത്തിയിരുന്നു. വ്യാപാരം, നിക്ഷേപം, വാണിജ്യ സഹകരണം, പ്രതിരോധം, കാലാവസ്ഥാ, ഊർജ്ജ സഹകരണം, സുരക്ഷാ സഹകരണം എന്നീ വിഷയങ്ങളായിരുന്നു അന്ന് ചർച്ച ചെയ്തത്. ഇരു രാജ്യങ്ങളിലെയും ആളുകൾ തമ്മിലുള്ള സഹകരണം ഊട്ടി ഉറപ്പിക്കേണ്ടതിനായുള്ള സാദ്ധ്യതകളും പരിശോധിച്ചു. ഇവയ്‌ക്കെല്ലാം അടിസ്ഥാന മിടുന്ന ചർച്ചകളാണ് ഈ ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയതെന്നും ആന്റണി ആൽബനീസ് വ്യക്തമാക്കി.











