ലക്‌നൗ : പണം കണ്ടെത്താൻ വാഹനം മോഷ്ടിച്ച് വിൽക്കാൻ പദ്ധതിയിട്ട കൂട്ടുകാർക്ക് കിട്ടിയത് എട്ടിന്റെ പണി. പദ്ധതി പ്രകാരം വാൻ മോഷ്ടിച്ചെങ്കിലും ഇത് വിൽക്കാനോ പണം വാങ്ങാനോ ഇവർക്ക് കഴിഞ്ഞില്ല. കാരണം എന്താണ് എന്നല്ലേ ? വാഹനം മോഷ്ടിച്ചപ്പോഴാണ് മനസിലായത് ആർക്കും അത് ഓടിക്കാനറിയില്ലെന്ന്. തുടർന്ന് വാഹനം കിലോമീറ്ററുകളോളം തളളിയെങ്കിലും കാര്യം കാണാതെ വന്നതോടെ അത് ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം പോലീസ് മൂന്ന് പേരെയും പൊക്കി.
ഉത്തർപ്രദേശിലെ കാൻപൂരിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. സത്യം കുമാർ, അമൻ ഗൗതം, അമിത് വർമ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മഹാരാജ്പുർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ് സത്യം കുമാർ. ഡിബിഎസ് കോളേജിൽ ബി.കോമിന് പഠിക്കുകയാണ് അമൻ. അമിത് ജോലിക്കാരനാണ്.
ദബൗലിയിൽ നിന്നാണ് മൂന്ന് പേരും ചേർന്ന് വാൻ അടിച്ചുമാറ്റിയത്. അതിനു ശേഷമാണ് തങ്ങളിൽ ആർക്കും തന്നെ ഡ്രൈവിംഗ് അറിയില്ലെന്ന് ഇവർക്ക് മനസിലായത്. എന്നാൽ ദൗത്യത്തിൽ നിന്ന് പിന്തിരിയാൻ ഇവർ തയ്യാറായിരുന്നില്ല, പാതിരാത്രി ഏകദേശം പത്ത് കിലോമീറ്ററോളം ദൂരം മൂന്ന് പേരും ചേർന്ന് വണ്ടി തള്ളി. ഇനി ഒരടി പോലും മുന്നോട്ട് വയ്ക്കാനാവില്ല എന്ന് വ്യക്തമായതോടെ വാഹനം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
വണ്ടിയുടെ നമ്പർ പ്ലേറ്റ് അഴിച്ചെടുത്ത ശേഷമാണ് ഇത് ആളോഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപേക്ഷിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം മൂന്ന് പേരെയും അന്വേഷിച്ച് പോലീസ് എത്തി. മോഷ്ടിച്ച വാഹനങ്ങൾ വിൽക്കുന്നതിനായി സത്യം ഒരു വെബ്‌സൈറ്റ് ഉണ്ടാക്കിയിരുന്നു. ആ വെബ് സൈറ്റിലൂടെ വാഹനം വിൽക്കാനായിരുന്നു ഇവരുടെ പദ്ധതി.
Discussion about this post