മലപ്പുറം: മലപ്പുറത്ത് ട്രക്കിംഗിന് പോയി മലമുകളിൽ കുടുങ്ങിയ 2 പേരെ കണ്ടെത്തി. കരുവാരക്കുണ്ട് കേരളാ കുണ്ട് വെള്ളച്ചാട്ടത്തിന് മുകളിലുള്ള മലയിലാണ് രണ്ട് പേർ കുടുങ്ങിയത്. പ്രദേശവാസികളുടേയും അഗ്നിരക്ഷാസേനയുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മൂന്ന് പേരായിരുന്നു മല കയറിയത്. ഇതിൽ രണ്ട് പേരാണ് ഇറങ്ങാനാകാതെ കുടുങ്ങിയത്.
മലയിറങ്ങിയ മൂന്നാമന്റെ കൂടെ സഹായത്തോടെയാണ് ഇവരുടെ സ്ഥലം കണ്ടെത്തിയത്. യാസിം, അജ്മൽ എന്നിവരെയാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെയാണ് മൂന്ന് പേരും ചേർന്ന് ട്രക്കിംഗിന് പോയത്. ഉച്ചയ്ക്ക് 3 മണിയോടെ ശക്തമായ മഴ പെയ്തു. ചോലകളിൽ വെള്ളം കയറിയതോടെ രണ്ടു പേർ പാറക്കെട്ടിൽ വഴുതി വീഴുകയായിരുന്നു. ഇവർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതെയായി. ഇവരോടൊപ്പമുണ്ടായിരുന്ന ഷംനാസ് താഴെയെത്തി വിവരം അറിയിച്ചതോടെയാണ് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിലിനായി പുറപ്പെട്ടത്.












