ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുന്നത് ജനാധിപത്യത്തിന് യോജിച്ച രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൗഢഗംഭീരവും വിശാലവുമായ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
” ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും അവകാശപ്പെട്ടതാണത്. അതുകൊണ്ട് പാർലമെന്റ് ഉദ്ഘാടനമെന്ന ശുഭകരമായ ചടങ്ങ് ബഹിഷ്കരിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ല. എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും മറന്നുകൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ മഹത്തായ ചടങ്ങിന്റെ ഭാഗമാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ പാർട്ടി പ്രതിനിധികൾ ഈ ചടങ്ങിൽ പങ്കെടുക്കുമെന്നും” അദ്ദേഹം ട്വീറ്റ് ചെയ്തു.
28ാം തിയതിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ സ്പീക്കർ ഓം ബിർളയും ചേർന്നാണ് പുതിയ മന്ദിരം രാഷ്ട്രത്തിന് സമർപ്പിക്കും. 2020 ഡിസംബർ 10ന് പ്രധാനമന്ത്രിയാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. അതേസമയം കോൺഗ്രസ് ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ പദവിയെ അപമാനിച്ചുവെന്ന് കാട്ടിയാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുന്നത്.
Discussion about this post