ന്യൂഡൽഹി: ചരിത്രനോട്ടവുമായി ഐഎൻഎസ് വിക്രാന്തും, മിഗ് 29കെ യുദ്ധവിമാനവും. വിമാനവാഹിനികപ്പലായ ഐഎൻഎസ് വിക്രാന്തിൽ ആദ്യമായി രാത്രി ലാൻഡിങ് നടത്തിയാണ് മിഗ് 29കെ ചരിത്രം കുറിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു.
ഈ സുപ്രധാന നേട്ടം ആത്മനിർഭർ ഭാരതിന് ഇന്ത്യൻ നേവി നൽകുന്ന ഊർജത്തിന്റ സൂചകമാണെന്നും നേവി വക്താവ് ട്വിറ്ററിൽ കുറിച്ചു. വെല്ലുവിളി നിറഞ്ഞ രാത്രി ലാൻഡിങ് ട്രെയൽ വിക്രാന്ത് ക്രൂവിന്റെയും നാവികസേന പൈലറ്റുകളുടെയും വൈദഗ്ധ്യവും പ്രൊഫഷണിലിസവും പ്രകടമാക്കുന്നതാണെന്നും നേവി വ്യക്തമാക്കി.
രാത്രി ലാൻഡിങ് വിജയകരമായി പൂർത്തിയാക്കിയ നേട്ടത്തിൽ നാവിക സേനയെ അഭിനന്ദിക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. വിക്രാന്ത് അംഗങ്ങളുടേയും നേവി പൈലറ്റുമാരുടെയും നിരന്തര പ്രയത്‌നത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്രാന്തിന്റെ യുദ്ധവിമാനശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെ 65,000 അടിയോളം ഉയരത്തിൽ പറക്കാൻ കഴിയുന്ന വിമാനമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്തത്. ഏകദേശം 23,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന് അത്യാധുനിക വ്യോമ പ്രതിരോധ ശൃംഖലയും കപ്പൽ വേധ മിസൈൽ സംവിധാനവുമുണ്ട്. 30 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾക്കൊള്ളാനുള്ള ശേഷിയും ഇതിനുണ്ട്.








