ഗയാന : സ്‌കൂൾ ഡോർമറ്ററിയിലെ തീപിടുത്തത്തെ തുടർന്ന് 19 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതി പതിനാലുകാരിയായ പെൺകുട്ടിയെന്ന് പോലീസ്. ഗയാനയിലെ മഹദിയ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഫോൺ സ്‌കൂൾ അധികൃതർ പിടിച്ചെടുത്ത ദേഷ്യത്തിൽ പെൺകുട്ടി ഡോർമറ്ററിയ്ക്ക് തീവെയ്ക്കുകയായിരുന്നു.
പ്രായമായ ഒരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയുടെ ഫോൺ സ്‌കൂൾ അധികൃതർ പിടിച്ചെടുക്കുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിൽ പെൺകുട്ടി ഹോസ്റ്റലിൽ തീയിട്ടുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെറാൾഡ് ഗൗവിയ പറഞ്ഞു.
വാർഡൻ ആ സമയത്ത് കെട്ടിടത്തിനുള്ളിൽ ഉറങ്ങുകയായിരുന്നു. പരിഭ്രാന്തിയിലായ ഇവർക്ക് ഡോർമറ്ററിയുടെ വാതിൽ തുറക്കാൻ താക്കോൽ കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ അവർക്ക് പുറത്തുകടക്കാനായി.
പെൺകുട്ടി കുറ്റസമ്മതം നടത്തിയതായാണ് വിവരം. തീപിടുത്തത്തിൽ പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി വിട്ടാൽ ജുവനൈൽ ഹോമിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.












