കൊച്ചി; കീർത്തിക്കെതിരെ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് നടിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ. പ്രണയവുമായി ബന്ധപ്പെട്ടാണ് കീർത്തി സുരേഷിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ആരോപണങ്ങളും വ്യാജപ്രചാരണങ്ങളും നിറയുന്നത്. കീര്‍ത്തിക്കൊപ്പം ചിത്രങ്ങളില്‍ നിൽക്കുന്ന നടന് അവളുടെ നല്ലൊരു സുഹൃത്താണ്.അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രം ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കി. അതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചിരിക്കുന്നതെന്നും സുരേഷ് കുമാർ പറഞ്ഞു. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ് ഇത്തരം വാർത്തകളെന്നും അദ്ദേഹം വ്യക്തമാക്കി. ഫര്‍ഹാനൊപ്പമുള്ള കീര്‍ത്തിയുടെ ചിത്രം പ്രചരിച്ചതിന് പിന്നാലെ ഇത് തന്റെ സുഹൃത്താണെന്ന് വെളിപ്പെടുത്തി കീര്‍ത്തിയും രംഗത്തെത്തിയിരുന്നു.
ദി കേരളാ സ്റ്റോറി സിനിമയ്ക്ക് പിന്നാലെയാണ് നടി കീർത്തി സുരേഷിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഇത്തരത്തിലുള്ള അപകീർത്തി പ്രചാരണങ്ങൾ ആരംഭിച്ചത്. സുരേഷ് കുമാറും നടി മേനകയും കേരളാ സ്റ്റോറിയ്ക്കെതിരെ അനുകൂലമായ നിലപാട് കൈക്കൊണ്ട് പ്രതികരണം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കീർത്തി ഫർഹാനുമായി നിൽക്കുന്ന ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ എത്തിയത്.
സുരേഷ് കുമാറിന്റെ വാക്കുകള്‍:
‘‘എന്റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയുള്ള വാര്‍ത്ത. അത് വ്യാജമാണ്. ആ പയ്യന് കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കി. അതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്.
ഇക്കാര്യം ചോദിച്ച് നിരവധി പേര് എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും.
എനിക്കും അറിയാവുന്ന പയ്യനാണ് ഫര്ഹാന്. ഞങ്ങള്‍ ഗള്‍ഫിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ഒപ്പം ഷോപ്പിങിനെല്ലാം വരാറുണ്ട്. ഞങ്ങളുടെ കൂടെ പുറത്ത് വരാറുണ്ട്. അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഈ വിഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.’’–സുരേഷ് കുമാർ പറഞ്ഞു.
Discussion about this post