തിരുവനന്തപുരം: എം ജി വിസി സാബു തോമസിന് പുനർനിയമനം നൽകണം എന്ന സർക്കാർ ആവശ്യം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിന് മൂന്നംഗ പാനൽ ആവശ്യപ്പെട്ട് രാജ്ഭവൻ സർക്കാരിന് കത്ത് നൽകി. സാബു തോമസ് നാളെ വിരമിക്കാനിരിക്കെയാണ് രാജ്ഭവൻ നിലപാട് വ്യക്തമാക്കിയത്. കണ്ണൂർ വി സിയുടെ പുനർ നിയമന കേസ് കോടതി പരിഗണനയിൽ ഉള്ളതിനാലാണ് ഗവർണർ എംജിയിലെ പുനർനിയമനം എതിർക്കുന്നത്.
കണ്ണൂർ സർവകലാശാല നിയമത്തിന് വ്യത്യസ്തമായി എംജി യിൽ സർവകലാശാല നിയമ പ്രകാരം പ്രായപരിധി 65 വയസ്സായതിനാൽ സാബു തോമസ്സിന് ഒരു ടേം കൂടി അനുവദിക്കുന്നതിൽ നിയമതടസമില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
എംജി സർവകലാശാല ചട്ടപ്രകാരം പുനർനിയമനത്തിന് സാധുതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗവർണർക്ക് കത്ത് നൽകിയത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെ നിയമനത്തിന് മൂന്ന് സീനിയർ പ്രൊഫസർമാരുടെ പേരുകളാണ് രാജ്ഭവൻ തേടിയത്. സർക്കാർ നിർദ്ദേശിക്കുന്ന പാനലിൽ നിന്നാവും ഗവർണർ താൽക്കാലിക വിസിയെ നിയമിക്കുക.
പിരിച്ചുവിടലിന് ഗവർണർ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളാണ് ഡോ. സാബു തോമസ്. പിന്നാലെ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് ഡോ. സാബു തോമസ് മറുപടി നൽകിയിരുന്നു. ഹിയറിംഗിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംജി വിസിയുടെ മറുപടി.
അതേസമയം, എംജി വിസി കൂടി വിരമിക്കുന്നത്തോടെ സംസ്ഥാനത്തെ ഒൻപത് സർവ്വകലാശാലകളിൽ വിസിമാർ ഇല്ലാതാവും
Discussion about this post